ഇശ്‌റത് ജഹാനെ തടവിലാക്കി: മുന്‍കൂട്ടി തീരുമാനിച്ചു കൊന്നു

മുഹമ്മദ് പടന്ന

മുംബൈ: ലശ്കര്‍ ബന്ധമാരോപിച്ച് ഇശ്‌റത് ജഹാനെയും മലയാളിയായ പ്രാണേഷ് കുമാറിനെയും മറ്റു രണ്ടുപേരെയും ഗുജറാത്തില്‍ വെടിവച്ചു കൊന്നത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സിബിഐ അന്വേഷകസംഘത്തെ സഹായിച്ച പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്ന ഐപിഎസ് ഓഫിസര്‍ സതീഷ് വര്‍മയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് ഇശ്‌റത് ജഹാനെയും പ്രാണേഷ് കുമാറിനെയും അംജദ്അലി റാണ. സീഷാന്‍ ജോഹര്‍ എന്നിവരേയും ഇന്റലിജന്‍സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് സതീഷ് വര്‍മ പറഞ്ഞു. ഇശ്‌റത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന യാതൊരു സൂചനയും ഐബിക്കുണ്ടായിരുന്നില്ല. അന്യായമായി ഇവരെ തടങ്കലില്‍വയ്ക്കുകയും പിന്നീടു വെടിവച്ച് കൊല്ലുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലും അംഗമായിരുന്ന സതീഷ് വര്‍മ പറയുന്നു.
2004 ജൂണ്‍ 15നാണ് ഇശ്‌റതും പ്രാണേഷുമുള്‍പ്പെട്ട സംഘം വെടിയേറ്റു മരിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുവന്ന ലശ്കര്‍ തീവ്രവാദികളാണ് ഇവരെന്നാണു സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഇശ്‌റത് നിരപരാധിയായിരുന്നുവെന്ന് സതീഷ് വര്‍മ്മ അവകാശപ്പെടുന്നു.
ഇശ്‌റതും മറ്റും ലശ്കറുമായി ബന്ധമുള്ളവരായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള അടുത്തിടെ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ആ അവകാശവാദവും സതീഷ് വര്‍മ ഖണ്ഡിക്കുന്നു. കേസിന്റെ വിശദാംശങ്ങള്‍ തനിക്കറിയാമായിരുന്നുവെന്ന പിള്ളയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും വര്‍മ്മ പറയുന്നു.
ലശ്കര്‍ തീവ്രവാദിയായി മാറണമെങ്കില്‍ ഏറെക്കാലത്തെ പരിശീലനം വേണം. 303 റൈഫിള്‍ ഉപയോഗിച്ച് വെടിവയ്ക്കാന്‍ പഠിക്കണമെങ്കില്‍പ്പോലും 15 ദിവസത്തെയെങ്കിലും പരിശീലനം വേണം. ഇശ്‌റത് വീട്ടില്‍ നിന്ന് അകന്നുനിന്നുവെന്നു പറയുന്ന കാലയളവ് ഒരു തീവ്രവാദിയായി മാറാന്‍ മതിയാവില്ലെന്നും സതീഷ് വര്‍മ അവകാശപ്പെടുന്നു. വെറും 10 ദിവസമാണ് ഇശ്‌റത് വീട്ടില്‍ നിന്ന് അകന്നുനിന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സത്യവാങ്മൂലത്തിന്റെ പേരില്‍ സിബിഐ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തതായി കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍ വി എസ് മണി പറഞ്ഞത്. ഇശ്‌റത് ജഹാന്‍ ലശ്കര്‍ തീവ്രവാദിയായിരുന്നുവെന്ന ആദ്യ സത്യവാങ്മൂലം ഐബി നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയതാണെന്നു തന്നെക്കൊണ്ട് സമ്മതിപ്പിക്കാനും അതില്‍ ഒപ്പിടാനും വേണ്ടിയാണ് സിബിഐ പീഡിപ്പിച്ചതെന്നുമായിരുന്നു മണിയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെയാണ് സതീഷ് വര്‍മയുടെ വെളിപ്പെടുത്തലും പുറത്തുവന്നത്.
Next Story

RELATED STORIES

Share it