ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഐപിഎസ് അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും നോട്ടീസ്

ന്യൂഡല്‍ഹി: ദുഷ്‌പെരുമാറ്റം, അനധികൃത അവധി തുടങ്ങിയ ആരോപണമുന്നയിച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീശ് വര്‍മയ്ക്ക് കേന്ദ്രം വീണ്ടും നോട്ടീസയച്ചു. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ അംഗമായിരുന്നു വര്‍മ. നേരത്തേ നോട്ടീസ് വര്‍മക്കയച്ചിരുന്നു. 10 ദിവസത്തിനകം മറുപടി നല്‍കാനായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. മറുപടി കിട്ടാത്തതിനാലാണ് മറ്റൊരു നോട്ടീസ് അയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സാധ്യമായ വേഗത്തില്‍ മറുപടി അയച്ചില്ലെങ്കില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കുമെന്നു പുതിയ നോട്ടീസില്‍ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗുജറാത്ത് കേഡല്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വര്‍മ ഇപ്പോള്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പറേഷനില്‍ വിജിലന്‍സ് ഓഫിസറാണ്. വര്‍മ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്നും സര്‍വീസ്ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി യാത്ര ചെയ്യുന്നുവെന്നും ആരോപിച്ച് നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പറേഷന്‍ പരാതി നല്‍കിയിരുന്നു.
നോട്ടീസ് സംബന്ധിച്ച് പ്രതികരിക്കാന്‍ വര്‍മ തയ്യാറായില്ല. ഇശ്‌റത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ മറ്റംഗങ്ങളില്‍ നിന്നു വ്യത്യസ്തമായ സത്യവാങ്മൂലമാണ് വര്‍മ കോടതിയില്‍ സമര്‍പിച്ചത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഇശ്‌റത്ത് തീവ്രവാദിയാവാനിടയില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it