ഇശ്‌റത്ത് ജഹാന്‍ കേസ്: കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല; വിചാരണ സ്തംഭനാവസ്ഥയില്‍

അഹ്മദാബാദ്: രാഷ്ട്രീയ വിവാദങ്ങള്‍ നടക്കുന്നതിനിടെ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് കഴിഞ്ഞ രണ്ടു വര്‍ഷമായി സിബിഐ കോടതിയില്‍ വിചാരണ കാത്ത് കിടക്കുന്നു. സിബിഐ കുറ്റപത്രം നല്‍കിയ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ ഓഫിസര്‍മാരെ വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.
കേസില്‍ രണ്ടു കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്. ഐപിഎസ് ഓഫിസര്‍മാരായ പി പി പാണ്ഡെ, സി ജി വന്‍സാര, ജി എല്‍ സിംഗാള്‍ എന്നിവര്‍ അടക്കം ഏഴ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ 2013 ജൂലൈയിലാണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. ഇശ്‌റത്തിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 2014 ഫെബ്രുവരിയിലാണ് രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചത്.
രഹസ്യാന്വേഷണ ബ്യൂറോയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍, ഓഫിസര്‍മാരായ പി മിത്തല്‍, എം കെ സിന്‍ഹ, രാജീവ് വാങ്കട് എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തിലുള്ളവര്‍. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എസ് കുത്ത്‌വാസിന്റെ മുമ്പാകെയാണ് രണ്ടു കുറ്റപത്രവും സമര്‍പ്പിച്ചത്.
രണ്ടാമത്തെ കുറ്റപത്രത്തിലുള്ള നാല് ഓഫിസര്‍മാര്‍ക്കെതിരേ കേസെടുക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ വിചാരണ തടസ്സപ്പെട്ടിരിക്കുകയാണ്. ഇശ്‌റത്ത് ജഹാന്‍ (19) ജാവേദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി, അക്ബറലി, റാണ, സീഷാന്‍ ജോഹര്‍ എന്നിവരാണ് 2004 ജൂണ്‍ 15ന് അഹ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ നാല് പേരും ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ളവരും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ നഗരത്തിലെത്തിയവരുമായിരുന്നുവെന്നാണ് ഗുജറാത്ത് പോലിസ് ആരോപിച്ചിരുന്നത്.
തുടര്‍ന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലാണെന്നു തെളിഞ്ഞത്. എന്നാല്‍, അമേരിക്കന്‍ ജയിലിലുള്ള ഡേവിഡ് ഹെഡ്‌ലി ഇശ്‌റത്ത് ജഹാന് ലശ്കറെ ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഈ കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ശിക്ഷാനടപടികള്‍ പുനപ്പരിശോധിക്കാനുള്ള ഹരജിയില്‍ വാദം കേള്‍ക്കാന്‍ സമ്മതിച്ചിരുന്നു.
Next Story

RELATED STORIES

Share it