Flash News

ഇവിടെയുണ്ടൊരു ബ്രസീലിന്റെ കട്ട ഫാന്‍; വിസ്മയമായി സാലുവിന്റെ ഹൗസ് ഓഫ് ബ്രസീല്‍

ഇവിടെയുണ്ടൊരു ബ്രസീലിന്റെ കട്ട ഫാന്‍; വിസ്മയമായി സാലുവിന്റെ ഹൗസ് ഓഫ് ബ്രസീല്‍
X

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ ചെറിയ ഗ്രാമമായ മേയ്ക്കാടിന് ഇപ്പോള്‍ റഷ്യയുടെ ചെറിയൊരു ഛായയാണ്. എവിടെ നോക്കിയാലും ലോകകപ്പില്‍ പോരാടുന്ന വമ്പന്‍ ടീമുകളുടെ ഫഌക്‌സുകളും കൊടി തോരണങ്ങളും. ഗ്രാമകവാടത്തില്‍ സ്വീകരണകമാനം. മേയ്ക്കാട് പെരുമറ്റത്ത് പാറയില്‍ സാലു പോളിന്റെ വീട്ടിലാണു മല്‍സരം നടക്കുന്നതെന്നു തോന്നിപ്പോവും. ഇവിടെ പ്രൊജക്റ്റര്‍ സ്ഥാപിച്ച് വലിയ സ്‌ക്രീനിലാണു മല്‍സരം കാണുന്നത്. എല്ലാ ടീമുകളുടെയും ആരാധകര്‍ സാലുവിന്റെ വീട്ടില്‍ കളികാണാന്‍ എത്തും. ആരാധകര്‍ തമ്മില്‍ മല്‍സരബുദ്ധിയുണ്ടെങ്കിലും കളി കാണാനെത്തുമ്പോള്‍ എല്ലാവര്‍ക്കും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്.
കഴിഞ്ഞ സീസണില്‍ ദിവസവും 300ഓളം പേര്‍ ഇവിടെ കളികാണാനെത്തിയെന്നാണ് സാലു പറയുന്നത്. സാലുവും കുടുംബവും കടുത്ത ബ്രസീല്‍ ആരാധകരാണ്. ബ്രസീലിന്റെ പച്ചയും മഞ്ഞയും നിറങ്ങള്‍ തന്നെ വീടിനു നല്‍കി സാലു ഇത്തവണയും വീട് മോടിയാക്കി. വീട് നിര്‍മിച്ചശേഷം ഇതു മൂന്നാംതവണയാണ് സാലു പോള്‍ ബ്രസീല്‍ നിറങ്ങള്‍ വീടിനു നല്‍കുന്നത്.ഇത്തവണ വീടിനു മുന്നില്‍ വലിയൊരു ഫുട്‌ബോ ള്‍ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വീടിന്റെ ചുവരുകള്‍ മാത്രമല്ല, മേല്‍ക്കൂര, കാര്‍ഷെഡ്, കര്‍ട്ടനുകള്‍, ഗ്രാനൈറ്റ്, ഇരിപ്പിടങ്ങള്‍ എന്നുവേണ്ട കഴിയാവുന്നിടത്തൊക്കെ സാലു മഞ്ഞ, പച്ച നിറങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ മൂന്നു വാഹനങ്ങള്‍ക്കും ഹൗസ് ഓഫ് ബ്രസീല്‍ എന്നു പേരു നല്‍കി. സാലു ഉപയോഗിക്കുന്ന എസ്‌യുവിയുടെ പുറംഭാഗം ബ്രസീലിന്റെ നിറങ്ങളാലും ബ്രസീല്‍ താരങ്ങളുടെ ചിത്രങ്ങളാലും നിറച്ചിരിക്കുകയാണ്. വീടിന്റെ മതിലില്‍ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും കൊടികളും സ്ഥാപിച്ചു.
പെലെ, സോക്രട്ടീസ്, ഗാരിഞ്ച, സീക്കോ തുടങ്ങിയ ആദ്യകാല ബ്രസീല്‍ താരങ്ങളുടെ കളി കണ്ടാണ് താന്‍ ബ്രസീല്‍ ആരാധകനായതെന്ന് സാലു പറയുന്നു. ആക്രമിച്ചുള്ള കളിയാണ് ഇവരുടേത്. പുതുതലമുറയില്‍ നെയ്മറെയാണ് ഇഷ്ടം. ഇത്തവണ കപ്പടിക്കാന്‍ തക്ക കളിക്കരുത്ത് കഴിഞ്ഞ തോല്‍വിക്കു ശേഷം  കോച്ച് ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ നേടിയതായാണ് സാലുവിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it