azchavattam

ഇവരുടെ മനസ്സില്‍ ഉല്‍സവങ്ങളില്ല

രണ്ടാം പാതി ത്രിവേണി

സ്‌കൂള്‍ കലോല്‍സവനാളില്‍ തൊട്ടരികില്‍ നിറസദസ്സിനു മുന്നില്‍ കാല്‍ച്ചിലമ്പൊലികളുടെ സംഗീതമുയരുമ്പോള്‍ മനസ്സില്‍ നുരപൊട്ടുന്ന വേദനയായിരുന്നു ആ കുരുന്നുകള്‍ക്ക്. അവഗണനയുടെ തളര്‍ത്തിയ മനസ്സുമായി അവര്‍ ഷോര്‍ട്ട്ഏജ് ഹോമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് വേദിയിലെ കലോല്‍സവകോലാഹലങ്ങള്‍ കേട്ടാസ്വദിച്ചു. വേദനയുടെ കറുത്ത സംഗീതമുയര്‍ന്നപ്പോള്‍ അവരില്‍ ചിലരെങ്കിലും പൊട്ടിക്കരഞ്ഞിട്ടുണ്ടാവണം. ലൈംഗികപീഡനത്തിനിരയായി ഷോര്‍ട്ട്ഏജ് ഹോമില്‍ ജീവിതം തളച്ചിട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങള്‍. അവര്‍ക്ക് കലയും ഉല്‍സവങ്ങളുമെല്ലാം അന്യമാണിപ്പോള്‍.പൂജപ്പുര ഷോര്‍ട്ട്ഏജ് ഹോമിനു സമീപത്തായിരുന്നു ഇക്കഴിഞ്ഞ കലോല്‍സവത്തിലെ ഒരു വേദി. അവിടെ ആട്ടവും പാട്ടുമായി കുരുന്നുകള്‍ മതിമറന്നാസ്വദിച്ചപ്പോള്‍ 18 വയസ്സിനു താഴെ പ്രായമായ നിരവധി കുട്ടികള്‍ ഇതെല്ലാം വെറും സ്വപ്‌നമായി മാത്രം കണക്കാക്കി മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് നെടുവീര്‍പ്പിട്ടിരുന്നു. കലോല്‍സവവേദിയില്‍ ചായം പൂശിയും മേക്കപ്പിട്ടും കുട്ടികള്‍ ഉല്‍സാഹത്തോടെ ഓടുമ്പോള്‍ ഇതൊക്കെ നിഷേധിക്കപ്പെട്ട കുറെ ബാല്യകൗമാരങ്ങള്‍ ആരുടെയും ഓര്‍മകളില്‍ പോലും വന്നില്ല. അവര്‍ ഒഴുക്കിയ കണ്ണുനീരിനും നിലവിളിക്കും പകരം നമുക്ക് ഒന്നും നല്‍കാനില്ല. എന്നിരുന്നാലും അവരും കലയും കളിയും അന്യമല്ലാത്ത കുഞ്ഞുങ്ങളെന്ന് നാം ഓര്‍മിക്കേണ്ടതുണ്ട്. തുണികൊണ്ട് മുഖം മറച്ച് കോടതി വരാന്തകളിലൂടെ കുനിഞ്ഞു നടന്നകലുന്ന ഈ കുട്ടികളില്‍ പലരും കലോല്‍സവങ്ങളില്‍ മാറ്റുരയ്ക്കുന്ന കുട്ടികളേക്കാള്‍ മിടുക്കരായിരുന്നിരിക്കാം. ഇവര്‍ക്കിടയില്‍ നിന്ന് ചിലപ്പോഴൊരു കലാതിലകമുയര്‍ന്നുവരില്ലെന്നാരു കണ്ടു. പക്ഷേ, അവരോട് കരുണ കാട്ടാന്‍ ജന്മം നല്‍കിയവര്‍ പോലും തയ്യാറായില്ല.
സംസ്ഥാനത്ത് 250ല്‍ അധികം കുട്ടികളാണ് ലൈംഗികപീഡനത്തിന് ഇരകളായതിന്റെ ഭാഗമായി ഷോര്‍ട്ട്ഏജ് ഹോമുകളില്‍ ജീവിക്കുന്നത്. ഈ കുട്ടികളെല്ലാം തന്നെ സ്വന്തം കുടുംബത്തില്‍ നിന്ന് പീഡനമനുഭവിച്ച് എത്തപ്പെട്ടവരാണ്. പിതാവോ അമ്മാവനോ ഒക്കെ പ്രതികളായ കേസിലെ ഇരകള്‍. അതുമൂലം സ്വന്തം കുടുംബംപോലും ആട്ടിയകറ്റിയതാണിവരെ. ഇവര്‍ക്കിത്തരം ഇടങ്ങളല്ലാതെ മറ്റൊരു ആശ്രയവുമില്ല.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് 14 സംസ്ഥാനങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസവകുപ്പാണ് ഇതു നടത്തുന്നത്. ഈ വിദ്യാഭ്യാസവകുപ്പ് തന്നെ കലോല്‍സവം ഏറ്റെടുത്തു നടത്തുമ്പോള്‍ ഈ പാവം കുരുന്നുകള്‍ക്ക് മാത്രം ഇതെല്ലാം അന്യമാവുന്നു.        അവരെന്തിന് ഈ മതില്‍ക്കെട്ടില്‍ നിന്ന് പുറംലോകം കാണാതെ എത്തിനോക്കുന്നുവെന്ന് അവര്‍ക്കു പോലും അറിയില്ല. നിലവില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാരണം ഇവയുടെ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരാവട്ടെ ഈ ഇനത്തില്‍ ഫണ്ടൊന്നും വകയിരുത്തിയിട്ടുമില്ല.
ഇനി ഫെബ്രുവരിയില്‍ വരുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. ഓരോ സ്ഥലനാമങ്ങളുടെയും പേരില്‍ ഓരോ പെണ്‍കുട്ടികള്‍ കുപ്രസിദ്ധിയിലേക്കെത്തുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് നിറമുള്ള ബാല്യവും കൗമാരവുമൊക്കെയാണ്. അവര്‍ എന്തു തെറ്റാണ് ഈ സമൂഹത്തോട് ചെയ്തത്? എല്ലാ കുട്ടികളേയും പോലെ ആടിപ്പാടി കളിച്ചുതിമര്‍ത്ത് നടക്കേണ്ട ബാല്യത്തില്‍ കരഞ്ഞു കണ്ണീരുതിര്‍ക്കുന്നു. ജീവിതത്തിന്റെ നിറങ്ങള്‍ നിഷേധിക്കപ്പെട്ട് മുന്നോട്ടുപോവുമ്പോഴും ഈ കുട്ടികളെ ഇത്തരത്തില്‍ കൊണ്ടെത്തിച്ച എത്രപേര്‍ ശിക്ഷിക്കപ്പെടുന്നുണ്ട്! നിയമത്തിന്റെ ഏതു പഴുതുകളൊക്കെ അവരെ രക്ഷപ്പെടുത്തുന്നുണ്ട്? വിദഗ്ധനായ അഭിഭാഷകനും കൈനിറയെ പണവുമുള്ളപ്പോള്‍ എവിടെയാണ് നീതി. ശരങ്ങള്‍ കണക്കെ പാഞ്ഞുവരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും മുന്നില്‍ നിന്ന് കരഞ്ഞ ബാല്യങ്ങള്‍ക്കു പകരമായി ഏതു നീതിപീഠമാണ് വിധിയെഴുതുക?
Next Story

RELATED STORIES

Share it