ഇവനും വാഴപ്പഴമാണ്; പേര് പൊപ്പോലു

കോഴിക്കോട്: അമേരിക്കയിയില്‍ നിന്നാണ് പൊപ്പോലുവിന്റെ വരവ്. കൃത്യമായി പറഞ്ഞാല്‍ ഹവായിയില്‍ നിന്ന്. പക്ഷേ, ഇവനിപ്പോള്‍ നാട്ടിലെ നേന്ത്രപ്പഴത്തിന്റെ അനുജനായി മാറുകയാണ്. കാഴ്ച്ചയില്‍ തന്നെ വിചിത്ര രൂപിയായ പഴത്തിന്റെ വലുപ്പവും ആകൃതിയുമൊക്കെ കണ്ടാല്‍ പൂവന്‍പഴത്തിന്റെയോ മൊന്തന്റേയോ ചേട്ടനാണെന്നു തോന്നുമെങ്കിലും അകത്തുള്ളത് സാക്ഷാല്‍ നേന്ത്രപ്പഴം. രുചിയിലും മണത്തിലുമൊക്കെ തനി നേന്ത്രന്‍.
വിചിത്ര രൂപിയായ ഈ പഴം കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രമാണ് ഹവായിയില്‍ നിന്ന് പൊപ്പോലുവിനെ കേരളത്തിലെത്തിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. പുതിയ ഇനം പരീക്ഷിക്കാന്‍ തയ്യാറായ കര്‍ഷകര്‍ക്കെല്ലാം നല്ല വിളവു ലഭിച്ചു. പക്ഷേ, കടയില്‍ വില്‍പനയ്‌ക്കെത്തിച്ചപ്പോഴാണ് പ്രശ്‌നം. രാസവളമടിച്ചു വീര്‍പ്പിച്ച കായകളാണെന്ന ധാരണയില്‍ പൊപ്പോലു വാങ്ങാനും തിന്നുനോക്കാനും പലരും ആദ്യമൊന്നു മടിച്ചു. കുല തിരിച്ചുകൊണ്ടു പോവാന്‍ വരെ ചില വ്യാപാരികള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. പിന്നെപ്പിന്നെ ആളുകള്‍ക്കു പരിചയമായിത്തുടങ്ങി.
തോലുരിഞ്ഞാല്‍ നേന്ത്രപ്പഴത്തിന്റെ നിറവും രുചിയും പ്രകൃതവുമുള്ള പൊപ്പോലു നേന്ത്രനു തന്നെ പാരയായി മാറിക്കൊണ്ടിരിക്കുകയാണ്. ചിപ്‌സുണ്ടാക്കാന്‍ ഇതു മികച്ചതാണത്രേ. ഒതൊരു നിറവും നല്‍കാതെതന്നെ നല്ല മഞ്ഞനിറമുള്ള കായ വറുത്തത് ഉണ്ടാക്കാമെന്നതാണ് പൊപ്പോലുവിന്റെ മെച്ചം. വലിയൊരു നേന്ത്രപ്പഴം തിന്നാനുള്ള വിശപ്പില്ലാത്തപ്പോഴും ഹാഫ് സൈസായ പൊപ്പോലു തിന്നാം എന്നതിനാല്‍ കടകളില്‍ വച്ചു തന്നെ ഇരിഞ്ഞു തിന്നുന്ന ശീലമുള്ളവര്‍ക്കും പൊപ്പോലു പ്രിയങ്കരമായിക്കഴിഞ്ഞു.
പൊപ്പോലുവിനെ പരീക്ഷിക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുന്നുണ്ട്. മികച്ച വിളവും കാര്യമായ രോഗ കീട ബാധ ഏല്‍ക്കുന്നില്ല എന്നതും വിപണിയിലെ പ്രിയവുമാണ് പൊപ്പോലുവിനെ പ്രിയങ്കരമാക്കുന്നത്.
Next Story

RELATED STORIES

Share it