malappuram local

ഇഴഞ്ഞുനീങ്ങി അരീക്കോട് സൗന്ദര്യവല്‍കരണം

അരീക്കോട്: അരീക്കോട് സൗന്ദര്യവല്‍കരണം തുടങ്ങി മൂന്നുമാസം പിന്നിട്ടെങ്കിലും പ്രവൃത്തി തുടങ്ങിയടത്തുതന്നെ. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിക്ക് രണ്ടരക്കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചത്. മഞ്ചേരി പൊതുമരാമത്ത് എന്‍ജിനീയര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് പദ്ധതിക്ക് തുക അനുവദിച്ചത്. റോഡ് വീതിയില്ലാത്തതിനാല്‍ വാഹനങ്ങളുടെ മരണപാച്ചിലിനിടയില്‍ അകപ്പെടുന്ന കാല്‍നടയാത്രകാര്‍ക്ക് അരീക്കോട് ടൗണില്‍ വികസനം ആവശ്യമാണെന്ന ശബ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സൗന്ദര്യവല്‍കരണത്തിന് തുടക്കം കുറിച്ചത്. ടൗണിലെ പ്രധാന കെട്ടിടങ്ങളെല്ലാം റോഡിലേക്ക് ഇറക്കി നിര്‍മിച്ചതാണെന്ന കണ്ടത്തലിനെ തുടര്‍ന്ന് അവ പൊളിക്കാന്‍ പൊതുമരാമത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, കെട്ടിട ഉടമസ്ഥരുടെ സ്വാധീനത്തിനനുസരിച്ച് സര്‍വേ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി നിര്‍ണയിച്ചതിനെതിരേ സാമൂഹിക പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി വന്നു. തുടര്‍ന്നാണ് പദ്ധതി സ്തംഭനാവസ്ഥയിലായത്. നിലവില്‍ അരീക്കോട് പാലം മുതല്‍ ടൗണ്‍ വരെയുള്ള അരക്കിലോമീറ്റര്‍ സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ നാലുതവണ വ്യത്യസ്തമായ അതിര്‍ത്തികള്‍ നിര്‍ണയച്ചതാണ് സാമൂഹിക പ്രവര്‍ത്തകരുടെ എതിര്‍പ്പിന് കാരണം. ടൗണിലെ മുഴുവന്‍ കൈയേറ്റങ്ങളും കണ്ടെത്തി റോഡിന് ആവശ്യമായ വീതി നിര്‍ണയിച്ച് ഇരുവശത്തും അഴുക്ക് ചാലോടുകൂടിയ ഫുട്പാത്ത് നിര്‍മിക്കാനാണ് പദ്ധതി. പാലം മുതല്‍ വിജയ ടാകീസ് ജങ്ഷന്‍ വരെയാണ് മോടികൂട്ടുക. കഴിഞ്ഞ മഴക്കാലത്ത് റോഡ് പൂര്‍ണമായും തകര്‍ന്ന പാലം മുതല്‍ പുത്തലംവരെയുള്ള ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഫണ്ട് വകയിരുത്തിയെങ്കിലും അവയും പൂര്‍ത്തീകരിക്കാനായിട്ടില്ല. റോഡിന്റെ പ്രവൃത്തിക്കായി ഇരുവശത്തും നിര്‍മാണ സാഗ്രികള്‍  ഇട്ടതിനാല്‍ ഇരു ചക്രവാഹന യാത്രകാര്‍ക്കകടക്കം ദുരിതമാവുന്നുണ്ട്. പ്രവൃത്തി അലക്ഷ്യമായി നീളാന്‍ പ്രധാന കാരണം മരാമത്ത് വകുപ്പിന്റെ പിടിപ്പുകേടാണെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് സര്‍വ സന്നാഹവുമായി ൈകയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കൈയേറ്റക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പിന്മാറുകയായിരുന്നു. തുടക്കത്തില്‍ വ്യാപാരികളും നഗരസൗന്ദര്യ വല്‍കരണത്തിന് എതിരായിരുന്നു. സൗന്ദര്യവല്‍കരണം അനന്തമായി നീളുന്നതിനാല്‍ ഫണ്ട് ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാവണമെന്ന് അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it