wayanad local

ഇളവുകളില്ലാതെയുള്ള മൊറോട്ടോറിയം പ്രഖ്യാപനം ബാധ്യതയാവുന്നു

കല്‍പ്പറ്റ: വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ മൊറോട്ടോറിയം പ്രഖ്യാപനം വായ്പക്കാര്‍ക്ക് വലിയ ബാധ്യതയാവുന്നു. വായ്പയുടെ പലിശയുടെ കാര്യത്തിലോ മുതലിന്റെ കാര്യത്തിലോ എന്തെങ്കിലും ഇളവുകള്‍ ചെയ്യാതെ കാലാവധി നീട്ടികൊടുക്കുന്നതാണ് വായ്പക്കാര്‍ക്ക് വലിയ ബാധ്യതയായി മാറുന്നത്.
കാര്‍ഷികേതര വായ്പകള്‍ ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നുള്ള വായ്പകള്‍ ന്യൂനപക്ഷ വിഭാഗ കോര്‍പറേഷനില്‍ നിന്നുള്ള വായ്പകള്‍ ഹൗസിങ് സൊസൈറ്റികളില്‍ നിന്നുള്ള വായ്പകള്‍ തുടങ്ങിയ വായ്പകള്‍ക്കൊക്കെയാണ് പലപ്പോഴായി സര്‍ക്കാരും ബോര്‍ഡ് കോര്‍പറേഷന്‍ അധികൃതരും മൊറോട്ടോറിയം പ്രഖ്യാപിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിമൂലം വായ്പക്കാര്‍ക്ക് തിരിച്ചടവ് മുടങ്ങുമ്പോള്‍ വായ്പക്കാര്‍ വായ്പക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് അധികൃതര്‍ വായ്പക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതുകൊണ്ട് വായ്പക്കാര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ അല്‍പം സാവകാശം ലഭിക്കുമെന്നല്ലാതെ ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. നീട്ടികൊടുക്കുന്ന കാലത്തെ പലിശയും മറ്റ് ബാധ്യതകളും വര്‍ധിക്കുകയും ചെയ്യും.
വായ്പകളില്‍ ചുമത്തിയിട്ടുള്ള പലിശ, പിഴപ്പലിശ, മുടക്കപ്പലിശ തുടങ്ങിയ ബാധ്യതകളാണ് വര്‍ധിക്കുന്നത്. ആറുമാസത്തേക്കും ഒരുവര്‍ഷത്തേക്കുമൊക്കെ മൊറോട്ടോറിയം പ്രഖ്യാപിച്ചാല്‍ ആ കാലയളവിലെ ബാധ്യതകള്‍ കൂടിയാവുമ്പോള്‍ വായ്പ തുക ഇരട്ടിയിലധികമായി വര്‍ധിച്ചുകൊണ്ടിരിക്കും. ഭവന നിര്‍മാണ ബോര്‍ഡിലെ വായ്പക്കാര്‍ക്ക് ആറുമാസം വീതം മൊറോട്ടോറിയം പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചുവര്‍ഷത്തിലധികമായി. ആദ്യം തന്നെ നല്‍കാവുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബാധ്യതകള്‍ അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നെങ്കില്‍ കുറേ അധികം വായ്പകള്‍ നേരത്തെതന്നെ തീര്‍ന്നുപോവുമായിരുന്നു. ഈ സാഹചര്യം വായ്പക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
ബാങ്കുകളിലെ കാര്‍ഷികേതര വായ്പകള്‍ കാര്‍ഷിക വായ്പകളായി മാറ്റിയാല്‍ തന്നെ കുറേ അധികം കര്‍ഷകര്‍ക്കും വായ്പക്കാര്‍ക്കും ആനുകൂല്യങ്ങളും സാവകാശവും ലഭിക്കുമായിരുന്നു.
എന്നാല്‍ അതിനുള്ള ഒരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒരേക്കര്‍ സ്ഥലത്തിന് പരമാവധി 60000 രൂപ വരെ കാര്‍ഷിക വായ്പ നല്‍കാനാണ് ബാങ്കുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മൊറോട്ടോറിയത്തിന്റെ പേരില്‍ തിരിച്ചടവ് അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ ബാധ്യതയാണ്.
വായ്പക്കാരുടെ തിരിച്ചടവ് ഉണ്ടാവുകയില്ലെന്ന് മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളുടെ കിട്ടാക്കടവും കുടിശ്ശികയും വര്‍ധിച്ചുവരികയും ചെയ്യും. കുടിശ്ശിക വര്‍ധിച്ചാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളിലും വലിയ തോതിലുള്ള കുറവുണ്ടാവും.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് തിരിച്ചടവ് ഉണ്ടാവുന്നതിനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭഗത്തുനിന്നും ഉണ്ടാവേണ്ടത്. അല്ലാത്തപക്ഷം ആനുകൂല്യത്തോടൊപ്പമുള്ള മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it