Kottayam Local

ഇല്ലിക്കല്‍ക്കല്ലിലെ അപകടം; മുന്നറിയിപ്പ് ബോര്‍ഡുകളില്ലാത്തത് വില്ലനായി

ഈരാറ്റുപേട്ട: ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളില്ലാത്തതും സംരക്ഷണ വേലിയില്ലാത്തതും ഇല്ലിക്കല്‍ക്കല്ലില്‍ ഇന്നലെയുണ്ടായ അപകടത്തിന് കാരണമായെന്നു വിലയിരുത്തല്‍. ഇല്ലിക്കല്‍ കല്ലിനു മുകളിലേയ്ക്ക് കയറാനുള്ള ഗുഹയുടെ സമീപത്തു നിന്ന് കാല്‍ വഴുതി വീണാണ് മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി കാക്കനാട്ട് എബ്രാഹമിന്റെ മകന്‍ ഷിന്‍സ് (22) ഇന്നലെ രാവിലെ മരിച്ചത്.
500 അടിയോളം താഴ്ചയിലേക്ക് വീണായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. ഇല്ലിക്കല്‍ കല്ലിന്റെ മുകളിലേയ്ക്കും നരകപാലം ഗുഹ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിക്കേണ്ടത് അപകടം ഒഴിവാക്കുന്നതിന് അത്യാവശ്യമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇല്ലിക്കല്‍ കല്ല് കാണുന്നതിനായി കയറുന്ന ഭാഗത്ത് സംരക്ഷണ വേലികളും നില്‍ക്കുന്നതിനുള്ള സംവിധാനവും ആവശ്യമായ മുന്നറിയിപ്പു ബോര്‍ഡുകളും നിലവിലില്ല. ഇന്നലെയുണ്ടായ അപകടത്തോടെ ഇവിടെ സംരക്ഷണ വേലിയും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഇല്ലിക്കല്‍ കല്ലിലേക്കു പുതിയ റോഡ് നിര്‍മിച്ച ശേഷം സന്ദര്‍ശക പ്രവാഹമാണ്. സന്ദര്‍ശക പ്രവാഹം വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷയ്ക്കായി പോലിസിനെ നിയമിക്കേണ്ടതും അത്യാവശ്യമാണ്. കാറുകളും ഇരുചക്ര വാഹനങ്ങളും ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇല്ലിക്കല്‍ കല്ലില്‍ എത്തുന്നത്. എന്നാല്‍ മതിയായ പാര്‍ക്കിങ് സൗകര്യവും ഇവിടെയില്ല. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് തിരികെപ്പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
Next Story

RELATED STORIES

Share it