Flash News

ഇല്ലാത്ത ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 15 കോടി തട്ടി; 18 പേര്‍ അറസ്റ്റില്‍

ഇല്ലാത്ത ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 15 കോടി തട്ടി; 18 പേര്‍ അറസ്റ്റില്‍
X
ന്യൂഡല്‍ഹി: പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഫ്രീലാന്‍സ് ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നിന്ന് 15 കോടി രൂപയോളം തട്ടി. തന്റെ സെക്രട്ടറി ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് ഇല്ലാത്ത ലേഖനങ്ങളുടെ പേരില്‍ ഇത്രയും തുക തട്ടിയെടുത്തതെന്ന് പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡെറിക് ദിസയാണ് സെക്രട്ടറി അമിത് മായേക്കര്‍ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. 2013 മുതല്‍ ലേഖനമെഴുതാത്ത 78 ആളുകളുടെ പേരില്‍ അമിത് മായേക്കര്‍ ദിസയില്‍ നിന്ന് ഇന്‍വോയ്‌സുകള്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. ഞായറാഴ്ച്ചയാണ് സൗത്ത് മുംബൈ പോലിസ് സ്‌റ്റേഷനില്‍ ദിസ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മായേക്കര്‍ക്കും തിരിച്ചറിയാത്ത മറ്റുള്ളവര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. മായേക്കര്‍ ഇപ്പോള്‍ ഒളിവിലാണ്. ക്രൈംബ്രാഞ്ചിന്റെ ക്രിമിനല്‍ ഇന്റലിജന്‍സ് യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേരെ മെയ് 11 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയില്‍ നിന്ന് ഇവര്‍ പണം സ്വീകരിച്ചതായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബാങ്ക് രേഖകള്‍ തെളിയിക്കുന്നു.

സെക്രട്ടറി മായേക്കറിനെ താന്‍ പൂര്‍ണമായും വിശ്വസിക്കുകയായിരുന്നു ദിസ പോലിസിനോട് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ മുംബൈയില്‍ പേമെന്റുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുള്ള ഏക വ്യക്തി താനായിരുന്നു. മായേക്കര്‍ നല്‍കുന്ന ഇന്‍വോയ്‌സുകള്‍ വിശ്വാസത്തിന്റെ പേരില്‍ മറ്റു  പരിശോധനകളൊന്നും കൂടാതെ ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നും ദിസ പോലിസിനോട് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഘത്തില്‍പ്പെട്ട ഓരോരുത്തര്‍ക്കും 20 ലക്ഷം മുതല്‍ 38 ലക്ഷം രൂപ വരെ ലഭിച്ചതായാണ് വ്യക്തമാവുന്നത്.
Next Story

RELATED STORIES

Share it