Kottayam Local

ഇലവീഴാപ്പൂഞ്ചിറയിലെ കൂറ്റന്‍ കുളവും തടയണകളും പൂര്‍ത്തിയായി

കോട്ടയം: ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.30ന് മുന്‍ ധനകാര്യമന്ത്രി കെ എം മാണി എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പൂര്‍ത്തീകരിച്ച പദ്ധതി ജോയി എബ്രഹാം എംപി കലക്ടര്‍ ഡോ. ബി എസ് തിരുമാനിക്കു കൈമാറും. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3200 അടി ഉയരത്തിലാണു പദ്ധതി പ്രദേശം എന്നതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. 225 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള അതിവിശാലമായ കുളവും, ചെക്ക്ഡാമുകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണു പൂര്‍ത്തിയായത്. കെ എം മാണി ധനമന്ത്രിയായിരിക്കെയാണ് പദ്ധതികള്‍ക്കായി നാലു കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മൊട്ടക്കുന്ന് പ്രദേശമായ ഇവിടെ മലഞ്ചെരിവുകള്‍ക്കിടയിലാണു വിശാലമായ ചിറ ഉണ്ടായിരുന്നത്. മരങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ഇലവീഴാപൂഞ്ചിറ എന്ന പേരും ലഭിച്ചു. കാലാകാലമായി ഉണ്ടായ മണ്ണൊലിപ്പിന്റെയും മറ്റു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അഭാവത്തിലും ചിറ നശിപ്പിക്കപ്പെടുകയായിരുന്നു. മലയിടുക്കുകളില്‍ വേനല്‍കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ജലവിഭവ വകുപ്പ് ചിറ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവന്നത്. വേനല്‍കാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും, വര്‍ഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ് ലക്ഷ്യം. അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് വശങ്ങള്‍ സംരക്ഷിച്ചു നിര്‍മിക്കുന്ന കുളത്തില്‍ ഏകദേശം 225 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും. കുളത്തിനടുത്തു തന്നെ മറ്റൊരു മലഞ്ചെരുവിലെ ഉറവയില്‍ നിന്ന് ഒഴുകി വരുന്ന വെള്ളം 2.5 മീറ്റര്‍ നീളം മാത്രമുള്ള ചെക്ക്ഡാം നിര്‍മിച്ച് അടിഞ്ഞുകൂടിയ മണ്ണും കാടും നീക്കം ചെയ്ത് ഏകദേശം 110 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ സാധിക്കുന്ന പദ്ധതിയും ഇതിനോടകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇതിനോട് അനുബന്ധിച്ചു തന്നെ മറ്റൊരു തടയണകൂടി നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ആയിരകണക്കിനാളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഇലവീഴാപൂഞ്ചിറയിലെ ജലസേചനവകുപ്പിന്റെ പ്രവര്‍ത്തനം, പൂഞ്ചിറയുടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും ഗ്രീന്‍ടൂറിസം പദ്ധതിയില്‍പ്പെടുത്തി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ എം മാണി എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it