Alappuzha local

ഇലമ്പനം തോടിന്റെ ഇരുവശങ്ങളിലും അനധികൃത കൈയേറ്റം

മാന്നാര്‍: മാന്നാര്‍,  വീയപുരം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഇലമ്പനം തോടിന്റെ ഇരുവശങ്ങളിലും അനധികൃത കയ്യേറ്റം.  നടപടികള്‍ എടുക്കാത്തതു കാരണം വര്‍ഷങ്ങളായി കയ്യേറ്റം തുടരുകയാണ്. പമ്പാ-അച്ചന്‍കോവില്‍ ആറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇലമ്പനം തോട്ടിലൂടെ മുമ്പ് ചരക്കുവള്ളങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന നാലരമീറ്ററോളം വീതിയുണ്ടായിരുന്ന  തോടാണ് ഇന്ന് കയ്യേറ്റം വര്‍ധിച്ചതുമൂലം നീരൊഴുക്ക് കുറഞ്ഞ് മലിനജലം നിറഞ്ഞിരിക്കുന്നത്.
മുമ്പ് കയ്യേറ്റം നടത്തിയവര്‍  ആ സ്ഥലങ്ങളില്‍ വൃക്ഷങ്ങളും തെങ്ങും വച്ച് പിടിപ്പിക്കുകയും മറ്റും ചെയ്തിരിക്കുന്നു.  ഇപ്പോള്‍ ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വീണ്ടും കയ്യേറ്റം ആരംഭിച്ചിരിക്കുകയാണ്.   ഇതിനായി തോട്ടില്‍ മുളംകാലുകള്‍ നാട്ടി തിരിച്ച് ഇതിനുള്ളില്‍ ചെളിയിറക്കിയിരിക്കുകയാണ്. വള്ളക്കാലി പാലത്തിന് സമീപം ഏതാണ്ട് ഇരുന്നൂറ് മീറ്ററോളം പുതിയതായി കയ്യേറ്റം നടത്തിയിട്ടുണ്ട്. പരാതിപ്പെടുന്നവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതായും ആരോപണമുണ്ട്.
അനധികൃത കയ്യേറ്റത്തെക്കുറിച്ച് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ചാക്കോ കയ്യത്ര, പഞ്ചായത്തംഗങ്ങളായ കലാധരന്‍ കൈലാസം, പ്രകാശ് മൂലയില്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന്   ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നികത്തലിനെതിരെ വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.  മാന്നാര്‍ പഞ്ചായത്ത് പരിധിയില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്നും തോട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it