ernakulam local

ഇലക്‌ട്രോണിക് ഷോപ്പിന്റെ ഗോഡൗണില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി: പള്ളിമുക്കില്‍ ഇലക്‌ട്രോണിക്‌സ് കടയുടെ ഗോഡൗണിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍. കര്‍ശനമായ അഗ്നി പ്രതിരോധ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍.
ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ ആളപായമില്ലെങ്കിലും ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന പേത്താളം വാഹനങ്ങള്‍ കത്തി നശിച്ചു. മൂന്ന് സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേന യൂനിറ്റുകള്‍ ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. മൂന്ന് നിലകളില്‍ പ്രവര്‍ത്തിക്കുന്ന പള്ളിമുക്കിലെ റോയല്‍ ടവറിന്റെ താഴത്തെ നിലയിലെ ഗോഡൗണില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഗോഡൗണില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
പുകക്ക് ശേഷം നാലു വശത്തു കൂടെയും തീ ആളി കത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസമയം തിരക്ക് കുറവായതിനാല്‍ കെട്ടിടത്തില്‍ നിന്ന് വേഗം ആളുകളെ ഒഴിപ്പിക്കുവാന്‍ സാധിച്ചത് വന്‍ അപകടം ഒഴിവാക്കാനായി. മൂന്നു നിലയുള്ള കെട്ടിടത്തില്‍ ചെറുതും വലുതുമായി 20 കടകളുണ്ട്. കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തു നിന്നുയര്‍ന്ന തീയും പുകയും പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. കടയുടമകളുടെയും ജീവനക്കാരുടെയും ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ചപ്പുചവറുകളും ഇലക്ട്രോണിക് മാലിന്യങ്ങളും ഇവിടെ കുന്നു കൂടിയതിനാല്‍ തീ ശക്തമായിരുന്നു. ഭൂഗര്‍ഭ അറയോടു ചേര്‍ന്നുള്ള ടിവി സര്‍വീസ് സെന്ററിലേക്കു നിമിഷങ്ങള്‍ക്കകം പടര്‍ന്നു. തീ നിയന്ത്രണ വിധേയമായ ശേഷം ഇവിടെയുണ്ടായിരുന്ന ബൈക്കുകളും സ്‌കൂട്ടറുകളും റോഡിന് മറു വശത്തേക്കു മാറ്റി. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു വീണ്ടും തീ പടരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. സര്‍വീസ് സെന്ററിലുണ്ടായിരുന്ന 50 ഓളം എല്‍ഇഡി ടിവികളും ഉപയോഗ ശൂന്യമായി. കെട്ടിട സമുച്ചയത്തിന്റെ ഒന്നാംനിലയിലുള്ള വിഎസ് ഇലക്‌ട്രോണിക്‌സിന്റേതാണ് സര്‍വീസ് സെന്റര്‍. ഭൂഗര്‍ഭ അറയോട് ചേര്‍ന്നുള്ള സ്റ്റെയര്‍കെയ്‌സ് ഭാഗത്തു പ്രദര്‍ശനത്തിനു വച്ചിരുന്ന ഹോംതിയറ്റര്‍, ടിവികളും കത്തി നശിച്ചു. ഭൂഗര്‍ഭ അറയില്‍ രാവിലെ വെല്‍ഡിങ് ജോലി നടന്നിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടോ സിഗററ്റില്‍ നിന്നു ചപ്പുചവറുകള്‍ക്കു തീപടര്‍ന്നതോ ആവാം കാരണമെന്നു കരുതുന്നു. സ്‌റ്റേഷന്‍ ഓഫിസര്‍ എ ഉണ്ണികൃഷ്ണന്‍, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, തൃക്കാക്കര അസി. പോലിസ് കമ്മിഷണര്‍ പി പി ഷംസ് സ്ഥലം സന്ദര്‍ശിച്ചു. ഇലക്ട്രോണിക്ക് സ്ഥാപനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനം അതിവേഗം നടത്തിയതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി. കര്‍ശനമായ അഗ്നി പ്രതിരോധ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it