ഇറ്റാലിയന്‍ നാവികരുടെ മോചനത്തിന് പകരം സോണിയാ ഗാന്ധിക്കെതിരേ തെളിവ് ആവശ്യപ്പെട്ടു; മോദി ധാരണയുണ്ടാക്കിയെന്ന് വെളിപ്പെടുത്തല്‍

കെ എ സലിം

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സിയുമായി ധാരണയുണ്ടാക്കിയെന്ന് ബ്രിട്ടിഷ് ആയുധ ഏജന്റിന്റെ കത്ത്. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് കൈമാറിയാല്‍ നാവികരുടെ മോചനം ഉറപ്പാക്കാമെന്നായിരുന്നു ധാരണ.
കൊല്‍ക്കത്തയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ആയുധ ഇടപാടിന്റെ ഇടനിലക്കാരനായ ബ്രിട്ടിഷ് ആയുധ ഏജന്റ് ക്രിസ്റ്റിയന്‍ മൈക്കല്‍ (54) ആണ് കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ ഇന്റര്‍നാഷനല്‍ ട്രൈബ്യൂണല്‍ ഓഫ് ലോ ഓഫ് ദ സീസ്, ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ എന്നിവയിലേക്ക് കത്തെഴുതിയത്.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചതായും എന്നാല്‍, പ്രതികരണം തേടി തങ്ങള്‍ അയച്ച ഇ-മെയിലിനോട് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ലെന്നും ടെലിഗ്രാഫ് വ്യക്തമാക്കി. ആരോപണങ്ങളുടെ ഗൗരവം ബോധ്യമുള്ള താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ക്രിസ്റ്റിയന്‍ മൈക്കല്‍ ദുബയില്‍ തങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചതായും പത്രം വ്യക്തമാക്കുന്നു. 2015 സപ്തംബറില്‍ യുഎന്‍ പൊതുസഭയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം നല്‍കിയതെന്ന് ക്രിസ്റ്റിയന്‍ മൈക്കല്‍ പറയുന്നു. അന്നു നടന്ന ചര്‍ച്ചയില്‍ രണ്ടു നാവികരുടെ കാര്യമായിരുന്നു പ്രധാന ചര്‍ച്ചാവിഷയമെന്ന് 2015 ഡിസംബര്‍ 23ന് തന്റെ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച കത്തില്‍ മൈക്കല്‍ പറയുന്നു.
ഹെലികോപ്റ്റര്‍ കേസില്‍ ഗാന്ധി കുടുംബത്തിലെ ആര്‍ക്കെങ്കിലുമെതിരേ തെളിവുകളോ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍ അതു കൈമാറണമെന്നായിരുന്നു മോദിയുടെ ആവശ്യം. മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയ കാര്യം വിദേശകാര്യമന്ത്രാലയം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തില്ലെന്നും റിപോര്‍ട്ട് പറയുന്നു. നിരവധി ലോകനേതാക്കള്‍ പങ്കെടുത്ത ഇത്തരമൊരു യോഗത്തില്‍ ആരെല്ലാമായി കൂടിക്കാഴ്ച നടത്തിയെന്നും എന്തായിരുന്നു സംഭാഷണവിഷയമെന്നും പറയാന്‍ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഉപയോഗത്തിനായി 3,600 കോടി മുടക്കി ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയതാണ് 360 കോടിയുടെ അഴിമതിക്ക് ആധാരമായ ഇടപാട്.
Next Story

RELATED STORIES

Share it