Flash News

ഇറ്റാലിയന്‍ ഓപണ്‍: നദാലിന് കിരീടം, റാങ്കിങില്‍ ഒന്നാമത്

ഇറ്റാലിയന്‍ ഓപണ്‍: നദാലിന് കിരീടം, റാങ്കിങില്‍ ഒന്നാമത്
X



റോം: തുടര്‍ച്ചയായി എട്ടാം തവണയും ഇറ്റാലിയന്‍ ഓപണ്‍ പുരുഷ വിഭാഗം ടെന്നിസ് സിംഗിള്‍സില്‍ കിരീടം ചൂടി സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാല്‍. നിലവിലെ ഇറ്റാലിയന്‍ ഓപണ്‍ കിരീടജേതാവും ഈ വര്‍ഷത്തെ മാഡ്രിഡ് ഓപണ്‍ ചാംപ്യന്‍ കൂടിയായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവിനെയാണ് ഫൈനലില്‍ നദാല്‍ പരാജയപ്പെടുത്തിയത്. വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 6-1, 1-6, 6-3. ഇതോടെ ഇറ്റാലിയന്‍ ഓപണ്‍ കിരീടവേട്ടയില്‍ തന്റെ പേരിലുള്ള റെക്കോഡ് എട്ടാക്കി ഉയര്‍ത്താനും നദാലിന് കഴിഞ്ഞു.കിരീടനേട്ടത്തോടെ പുതിയ ലോക റാങ്കിങില്‍ നദാല്‍ ഒന്നാം സ്ഥാത്തേക്ക് തിരിച്ചെത്തി. കഴിഞ്ഞയാഴ്ച നടന്ന മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡൊമിനിക് തീമിനോട് തോറ്റതോടെ നദാല്‍ റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ ഈ സീസണില്‍ നദാലിന്റെ ഏക തോല്‍വി കൂടിയായിരുന്നു ഇത്. നദാലിനെ പിന്തള്ളി സ്വിറ്റ്‌സര്‍്‌ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒന്നാംസ്ഥാനത്തേക്ക് കയറുകയും ചെയ്തിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ ഓപ്പണ്‍ കിരീട വിജയത്തോടെ 31കാരനായ നദാല്‍ ദിവസങ്ങള്‍ക്കകം ഒന്നാംറാങ്ക് വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ വനിതാ ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും നിലവിലെ ലോക ഒന്നാം നമ്പറായ റൊമാനിയയുടെ സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്തി യുക്രെയ്‌ന്റെ എലീന സ്വിറ്റോളിന ഇറ്റാലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം നേടി. കഴിഞ്ഞ സീസണില്‍ കലാശപ്പോരില്‍ പൊരുതി നോക്കിയ ഹാലെപിന് ഇത്തവണ സ്വിറ്റോലിനോയ്ക്കു മുമ്പില്‍ എളുപ്പത്തില്‍ അടിയറവ് പറയേണ്ടിവരികയായിരുന്നു.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വിറ്റോളിന ഇത്തവണ ഹാലെപിനെ നിഷ്പ്രഭമാക്കിയത്. സ്‌കോര്‍: 6-0, 6-4. ഇറ്റാലിയന്‍ ഓപണില്‍ നിലവില്‍ ലോക റാങ്കിങില്‍ നാലാം സ്ഥാനക്കാരിയായ സ്വിറ്റോലിനയുടെ രണ്ടാം കിരീട നേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ നടന്ന കലാശപ്പോരില്‍ ആദ്യ സെറ്റ് നേടിയതിനു ശേഷമായിരുന്നു ഹാലെപ്പ് സ്വിറ്റോളിനയോട് തോല്‍വി സമ്മതിച്ചത്. 4-6, 7-5, 6-1 എന്ന സ്‌കോറിനായിരുന്നു 2017ല്‍ സ്വിറ്റോലിനയുടെ വിജയവും കിരീട നേട്ടവും. ഇറ്റാലിയന്‍ ഓപ്പണില്‍ ഇതുവരെ ഹാലെപ്പിന് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it