ഇറോം ശര്‍മിള നിരാഹാരം പുനരാരംഭിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള അനിശ്ചിതകാല നിരാഹാരസമരം വീണ്ടും ആരംഭിച്ചു. ചരിത്രപ്രധാനമായ ഷഹീദ് മിനാറിലാണ് നിരാഹാരമിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ കോടതി ശര്‍മിളയെ കുറ്റവിമുക്തയാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് തിങ്കളാഴ്ചയാണ് ഇംഫാല്‍ വെസ്റ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മോചിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു അവര്‍. അവിടെനിന്നിറങ്ങിയ ഉടന്‍ അനുയായികള്‍ക്കൊപ്പമാണ് ഷഹീദ് മിനാറിലെത്തിയത്. പ്രക്ഷോഭം തുടരുമെന്നും സംസ്ഥാനത്തെ അസ്വാസ്ഥ്യം ഇല്ലാതാക്കുന്നതിന് അക്രമം ശരിയായ മാര്‍ഗമല്ലെന്നും ശര്‍മിള പറഞ്ഞു.
Next Story

RELATED STORIES

Share it