ഇറാന്‍-സൗദി നയതന്ത്ര തര്‍ക്കം; ഇറാനില്‍നിന്ന് അംബാസഡറെ കുവൈത്ത് തിരിച്ചുവിളിച്ചു

കുവൈത്ത് സിറ്റി: സൗദി അറേബ്യ-ഇറാന്‍ നയതന്ത്ര തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയാണെന്നു കുവൈത്ത് പ്രഖ്യാപിച്ചു.
ഭീകരബന്ധം ആരോപിച്ച് പ്രമുഖ ശിയാ പുരോഹിതന്‍ നിംറ് അല്‍ നിംറ് ഉള്‍പ്പെടെ 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ച പ്രക്ഷോഭകര്‍ കെട്ടിടത്തിനു തീ വച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ വ്യോമഗതാഗതവും അവസാനിപ്പിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. സൗദി സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റയ്‌നും ഇറാനുമായുളള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ, നാല്‍പ്പത്തെട്ട് മണിക്കൂറിനുളളില്‍ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടുപോവാനും ബഹ്‌റയ്ന്‍ ആവശ്യപ്പെട്ടു.
സുദാനും ഇറാനുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ യുഎഇ അധികൃതരും തീരുമാനമെടുത്തിട്ടുണ്ട്. സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയാണ് കുവൈത്ത് തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചത്. അംബാസഡറെ തിരിച്ചുവിളിക്കുക വഴി ഇറാന്‍-കുവൈത്ത് ബന്ധത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് തീരുമാനം അറിയിച്ച കുവൈത്ത് ഔദ്യോഗിക റേഡിയോ വ്യക്തമാക്കിയില്ല.
അതേസമയം, ഇറാനുമായി നയതന്ത്രബന്ധം വിച്ഛേദിച്ചത് സിറിയയിലെയും യമനിലെയും സമാധാന ചര്‍ച്ചകളെ ബാധി—ക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
Next Story

RELATED STORIES

Share it