ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു 

തെഹ്‌റാന്‍: ഉപരോധം നിലനില്‍ക്കെ സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇറാന്‍ രണ്ടു മധ്യ-ഹൃസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതായി റിപോര്‍ട്ട്. 'ഇസ്രായേല്‍ തുടച്ചുനീക്കപ്പെടണം' എന്ന് ആലേഖനം ചെയ്ത മിസൈലുകളാണ് പരീക്ഷിച്ചതെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പരീക്ഷിച്ചത് 300 കിലോമീറ്ററും 2000 കിലോമീറ്ററും ദൂരപരിധിയുള്ള മിസൈലുകളാണെന്ന് ഇറാന്‍ ബഹിരാകാശ വിഭാഗം മേധാവി ജനറല്‍ അമീര്‍ അലി ഹാജിസദയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രഹസ്യഅറകളില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പരീക്ഷണം. മേഖലയിലെ പ്രധാന എതിരാളികള്‍ക്കുള്ള സൂചനയാണ് ഇറാന്റെ മിസൈല്‍ പരീക്ഷണമെന്നാണ് സൈനിക മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതലഭൂതല മിസൈലിന് ഇസ്രായേലും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.
രണ്ടാഴ്ച മുമ്പു നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വിഭാഗം മികച്ച വിജയം നേടിയിരുന്നു. ഇതിനു ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ ഒക്ടോബറില്‍ ഇറാന്‍ നടത്തിയ ദീര്‍ഘദൂര ഭൂതലഭൂതല ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നു.
Next Story

RELATED STORIES

Share it