ഇറാന്‍: നവീകരിച്ച ചബാഹാര്‍ തുറമുഖം ഉദ്ഘാടനം ചെയ്തു

തെഹ്‌റാന്‍: ഇറാനിലെ ചബാഹാര്‍ തുറമുഖം വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്്് തുറന്നുകൊടുത്തു. നവീകരിച്ച തുറമുഖം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉദ്ഘാടനം ചെയ്തു. ഒമാന്‍ ഉള്‍ക്കടല്‍ തീരത്തെ തുറമുഖം ഇന്ത്യയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്. നവീകരണം പൂര്‍ത്തിയായതോടെ തുറമുഖത്തിന്റെ ശേഷി മൂന്നു മടങ്ങിലധികം വര്‍ധിച്ചു. പാകിസ്താനില്‍ ചൈന നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖത്തുനിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ചബാഹാര്‍ തുറമുഖം. ഗ്വാദര്‍ അടക്കം മേഖലയിലെ മറ്റു തുറമുഖങ്ങളുടെ വികസനത്തെ സ്വാഗതം ചെയ്യുന്നതായി ഉദ്ഘാടനച്ചടങ്ങില്‍ റൂഹാനി വ്യക്തമാക്കി. തുറമുഖത്തെ രാജ്യത്തെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കും. സമുദ്രതീരമില്ലാത്ത മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിനെ റെയില്‍മാര്‍ഗം ഉപയോഗിക്കും. റഷ്യവഴി കിഴക്കന്‍, വടക്കന്‍ യൂറോപ്പിലേക്കും ചബാഹാറില്‍നിന്ന് പാതകള്‍ കണ്ടെത്തുമെന്നും റൂഹാനി വ്യക്തമാക്കി. ഇന്ത്യ, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഇറാന്‍ വിപ്ലവ ഗാര്‍ഡുകളുമായി ബന്ധമുള്ള ഖതമുല്‍ അന്‍ബിയ എന്ന സ്ഥാപനമാണ് 34 കോടി ഡോളര്‍ മുതല്‍മുടക്കുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിവര്‍ഷം 85ലക്ഷം ടണ്‍ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിന് സാധിക്കും. നേരത്തേ ഇത് 25 ലക്ഷം ടണ്‍ ആയിരുന്നു. പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശനമാര്‍ഗം തുറക്കാന്‍ തുറമുഖം ഇന്ത്യക്ക് സഹായകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. തുറമുഖനിര്‍മാണത്തിനും റോഡുകളും റെയില്‍പാതകളുമുള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു 50 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. തുറമുഖം വഴി അഫ്ഗാനിലേക്കുള്ള ചരക്കുനീക്കത്തിനും ഇന്ത്യ തുടക്കംകുറിച്ചിരുന്നു.
Next Story

RELATED STORIES

Share it