ഇറാന്‍ തിരഞ്ഞെടുപ്പ്: റൂഹാനി അനുകൂലികള്‍ക്ക് തെഹ്‌റാനില്‍ തകര്‍പ്പന്‍ ജയം

തെഹ്‌റാന്‍: പരിഷ്‌കരണവാദിയായ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഖ്യത്തിന് തലസ്ഥാനമായ തെഹ്‌റാനില്‍ തകര്‍പ്പന്‍ ജയം. വന്‍ ശക്തികളുമായി ആണവധാരണ ഒപ്പുവച്ചതിനു ശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പിലെ 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ റൂഹാനി അനുകൂലികള്‍ തലസ്ഥാനത്തെ 30 പാര്‍ലമെന്ററി സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രമുഖ എതിര്‍ സ്ഥാനാര്‍ഥി ഗുലാമലി ഹദ്ദാദ് ഏദല്‍ 31ാം സ്ഥാനത്താണ്.
ഇറാന്‍ പാര്‍ലമെന്റിലേക്കും പണ്ഡിത സമിതിയിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 88 അംഗ പണ്ഡിതസമിതിയാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. അനാരോഗ്യം മൂലം ബുദ്ധിമുട്ടുന്ന 77കാരനായ ആയത്തുല്ല അലി ഖാംനഈയുടെ പകരക്കാരനെ പണ്ഡിത സമിതി ഉടന്‍ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ആദ്യമായാണ് ഇരു സഭയിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ റൂഹാനി പക്ഷം മേല്‍ക്കൈ നേടുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. തലസ്ഥാനത്തെ മുന്നേറ്റം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രതിഫലിക്കുമോയെന്നു വ്യക്തമല്ല. പ്രാരംഭഫലം കണക്കിലെടുക്കാനാവില്ലെന്നാണ് എതിരാളികളുടെ വാദം.
82 സീറ്റുകള്‍ യാഥാസ്ഥിതികര്‍ക്കും 49 പരിഷ്‌കരണവാദികള്‍ക്കും 71 സ്വതന്ത്രര്‍ക്കും ലഭിക്കുമെന്നാണ് മെഹര്‍ വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ട്. 290 അംഗ പാര്‍ലമെന്റില്‍ 285 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇറാനെതിരേയുള്ള ഉപരോധം പിന്‍വലിക്കാനിടയാക്കിയതും ആണവകരാറില്‍ ഒപ്പുവച്ചതും റൂഹാനിയുടെ നേട്ടമായി.
യാഥാസ്ഥിതിക സഖ്യമായ പ്രിന്‍സിപ്പലിസ്റ്റ് മുന്നണിയും പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പെടുന്ന പരിഷ്‌കരണവാദികളുടെ മുന്നണിയായ വിശാല സഖ്യവും തമ്മിലാണ് പ്രധാന മല്‍സരം.
Next Story

RELATED STORIES

Share it