ഇറാന്‍ ജനത വിധിയെഴുതി; ഫലപ്രഖ്യാപനം അടുത്തയാഴ്ചയോടെ

തെഹ്‌റാന്‍: യാഥാസ്ഥിതികരും പരിഷ്‌കരണ വാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ നിര്‍ണായക പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇറാന്‍ ജനത വിധിയെഴുതി. പാര്‍ലമെന്റിലേക്കും പണ്ഡിത സമിതിയിലേക്കുമായി നടന്ന തിരഞ്ഞെടുപ്പ് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും.
അഞ്ചുകോടിയോളം വരുന്ന സമ്മതിദായകരാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിനെതിരേയുണ്ടായിരുന്ന സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞ് കഷ്ടിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് തിരഞ്ഞെടുപ്പ്. നാലു വര്‍ഷം മുമ്പു നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് ശതമാനം ഉയരുമെന്നാണ് വിലയിരുത്തല്‍. പുതിയ പാര്‍ലമെന്റിനെയും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയെയും സമ്മതിദായകര്‍ തിരഞ്ഞെടുക്കും. യാഥാസ്ഥിതികര്‍ക്ക് മുന്‍ തൂക്കമുള്ള ഇരു സഭകളിലും സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് പരിഷ്‌കരണവാദികളുടെ കണക്കുകൂട്ടല്‍. തങ്ങളുടെ ശത്രുക്കള്‍ക്ക് നീരസമുണ്ടാവുന്ന തരത്തില്‍ കനത്ത പോളിങ് ഉണ്ടാവണമെന്നു പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ ആവശ്യപ്പെട്ടു.
290 അംഗ പാര്‍ലമെന്റില്‍ 285 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കി അഞ്ചു സീറ്റ് വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. 196 മണ്ഡലങ്ങളില്‍നിന്നാണ് 285 സീറ്റിലേക്കുള്ള മല്‍സരം. 586 വനിതകളുള്‍പ്പെടെ 6229 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 12000ത്തോളം സ്ഥാനാര്‍ഥികളുണ്ടായിരുന്നുവെങ്കിലും പകുതിയോളം പേരെ തിരഞ്ഞെടുപ്പ് സമിതി അയോഗ്യരാക്കുകയായിരുന്നു. ചില മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരിക്കും. ഇവിടെ 30 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഈ വോട്ട്ശതമാനം ആര്‍ക്കും മറികടക്കാനായില്ലെങ്കില്‍ വീണ്ടും തിരഞ്ഞടുപ്പ് നടക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതിയിലേക്കുള്ള 88 പേരുടെ തിരഞ്ഞെടുപ്പും നടന്നു. എട്ടു വര്‍ഷമാണ് ഇവരുടെ കാലാവധി. ആദ്യമായാണ് ഇരു സഭയിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടന്നത്.
പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും മൂലം ബുദ്ധിമുട്ടുന്ന പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗക്കു പകരക്കാരനെ പുതിയ സമിതി തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ആഴ്ചാവസാനത്തോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
Next Story

RELATED STORIES

Share it