Flash News

ഇറാന്‍ ആണവകരാരില്‍ നിന്ന് യുഎസ് പിന്‍മാറുമോ ശ്വാസം അടക്കിപ്പിടിച്ച് ലോകം

വാഷിങ്ടണ്‍: ഇറാന്‍ ആണവകരാറിന്റെ ഭാവി പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവകരാറില്‍ നിന്നു യുഎസ് പിന്‍മാറുമെന്നു നേരത്തേ ഭീഷണിപ്പെടുത്തിയ ട്രംപ് ചൊവ്വാഴ്ച ഭാവി പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നു. ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് യുഎസിന്റെ പ്രഖ്യാപനത്തെ കാത്തിരിക്കുന്നത്. എന്നാല്‍, എന്ത് പ്രശ്‌നങ്ങള്‍ വന്നാലും അതിനെ മറികടക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തിരിച്ചടിച്ചു. കരാറില്‍ നിന്നു പിന്‍മാറിയാല്‍ യുഎസ് ചരിത്രത്തില്‍ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം ഖേദിക്കേണ്ടിവരുമെന്നു റൂഹാനി നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രഖ്യാപനത്തിനു മുന്നോടിയായി ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേണുമായി ചര്‍ച നടത്തി. കരാറില്‍ നിന്നു പിന്‍മാറുമെന്ന് ട്രംപ് അറിയിച്ചതായാണ് റിപോര്‍ട്ട്. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ട്രംപിന്റെ പിന്‍മാറ്റത്തെക്കുറിച്ചു സൂചന നല്‍കി.
കരാറില്‍ നിന്നു പിന്മാറരുതെന്നു ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. കരാര്‍ പിന്മാറ്റത്തിനു പിന്നാലെ ഉണ്ടാവാനിരിക്കുന്നതു യുദ്ധമാണെന്നാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ കരാറില്‍ നിന്നു പിന്മാറുന്നത് അബദ്ധമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ട്രംപിനു കത്തെഴുതി.
ലോകരാജ്യങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മാറ്റി രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനു തുല്യമായിരിക്കും ഇത്. കരാറില്‍ ചില കുറവുകളുണ്ടായേക്കാം. എന്നാല്‍, അതു സമയമെടുത്തു പരിഹരിക്കുകയാണു വേണ്ടതെന്നും കത്തില്‍ പറയുന്നു.
ആണവകരാറില്‍ നിന്നു യുഎസ് പിന്മാറുകയാണെങ്കില്‍ ചില “പ്രശ്‌നങ്ങളെ’ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതെല്ലാം കടന്നു നാം മുന്നോട്ടുപോവും.
വിവിധ രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും- റൂഹാനി വ്യക്തമാക്കി. ട്രംപിന്റെ തീരുമാനം എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരിയും പറഞ്ഞു. യുഎസ് കരാറില്‍നിന്നു പിന്മാറിയാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു യാതൊന്നും സംഭവിക്കില്ലെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍ വാലിയുല്ലാ സെയ്ഫ് വ്യക്തമാക്കി. 2015ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ മുന്‍കൈയെടുത്താണ് ജോയിന്റ് കോംബ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്ന ആണവ കരാറില്‍ ഒപ്പിട്ടത്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായാണ് ഇറാന്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
യുഎസ് പിന്‍മാറിയാലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെങ്കില്‍ യൂറോപ്പ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കരാര്‍ മുന്നോട്ടു കൊണ്ടുപോവുമെന്നും റൂഹാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it