ഇറാനെതിരേ യുഎസ് ഉപരോധത്തിനൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ പിന്തുണച്ച രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ അമേരിക്ക സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപോര്‍ട്ട്. മിസൈല്‍ വികസിപ്പിക്കാന്‍ സഹായിച്ച രണ്ട് ഏജന്‍സികള്‍ക്കെതിരേ അമേരിക്കന്‍ ട്രഷറി വകുപ്പ് നടപടി ആരംഭിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.
മിസൈല്‍ പദ്ധതിക്കുള്ള കാര്‍ബണ്‍ ഫൈബറുകള്‍ നല്‍കിയ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മബ്‌റൂഖ ട്രേഡിങ് കമ്പനിയുടെ സ്ഥാപകന്‍ ഹുസയ്ന്‍ പൗറങ്ഷ്ബാന്‍ഡ്, താപ നിയന്ത്രണത്തിനുള്ള സാമഗ്രികള്‍ വിപണനം നടത്തിയ ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനി, മിസൈല്‍ നിര്‍മാണത്തില്‍ സഹകരിച്ച അഞ്ച് ഇറാന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുന്നത്. ഇറാനെ സഹായിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളുടെ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായി അമേരിക്കന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധം അന്താരാഷ്ട്ര തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന നിര്‍ദേശമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ബാങ്കുകള്‍ക്കു നല്‍കിയിട്ടുള്ളത്.
എന്നാല്‍ ആണവകരാറിന്റെ ലംഘനമാണ് അമേരിക്കയുടെ പുതിയ നടപടികളെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചത്. തങ്ങളുടെ പ്രതിരോധ സംവിധാനത്തിനുവേണ്ടി മാത്രമാണ് മിസൈല്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഇവ ലോകത്തിന് ഒരിക്കലും ഭീഷണിയല്ലെന്നും ഇറാന്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it