ഇറാനെതിരായ ഉപരോധം പിന്‍വലിച്ചു; കരാര്‍വ്യവസ്ഥകള്‍ പാലിച്ചതായി ആണവോര്‍ജ സംഘടന

വാഷിങ്ടണ്‍/വിയന്ന: ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം യുഎസും യൂറോപ്യന്‍ യൂനിയനും പിന്‍വലിച്ചു. ഇറാന്റെ 10,000 കോടി യുഎസ് ഡോളര്‍ വരുന്ന സ്വത്ത് മരവിപ്പിച്ച നടപടിയും റദ്ദാക്കി. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ്, യൂറോപ്യന്‍ യൂനിയന്റെ വിദേശനയ ചുമതലയുള്ള ഫെഡറിക് മൊഖേനി എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇറാന്റെ ആണവപരിപാടിയില്‍ പ്രതിഷേധിച്ചായിരുന്നു എണ്ണ-സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ആണവനയം സംബന്ധിച്ച് അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ സംഘടന (ഐഎഇഎ) റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കാര്യം യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിയന്നയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ലോകരാഷ്ട്രങ്ങളുമായി ഇറാന്‍ കരാറില്‍ ഒപ്പുവച്ചത്.
അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവുവരുത്തുമെന്നും അറാഖിലെ ഘനജല റിയാക്റ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും കരാറില്‍ പറഞ്ഞിരുന്നു. ഐഎഇഎ ഉദ്യോഗസ്ഥര്‍ ഇറാനില്‍ പരിശോധന നടത്തിയാണ് അനുകൂലമായ റിപോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിയന്നയില്‍ ഇറാനുമായി ചര്‍ച്ച നടത്തിവരുകയായിരുന്നു.
കൂടാതെ, ഐഎഇഎയുടെ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളൂവെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഉപരോധം നീക്കിയ നടപടിയെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും മറ്റു ലോകനേതാക്കളും സ്വാഗതം ചെയ്തു. പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണവില്‍പന പുനരാരംഭിക്കും.
അതിനിടെ, ഉപരോധം പിന്‍വലിച്ചതിനു പിന്നാലെ ഇറാനും അമേരിക്കയും തടവുകാരെ പരസ്പരം കൈമാറി.
വാഷിങ്ടണ്‍പോസ്റ്റ് ലേഖകന്‍ ഉള്‍പ്പെടെ നാല് അമേരിക്കന്‍ തടവുകാരെയാണ് ഇറാന്‍ മോചിപ്പിച്ചത്. ഏഴ് ഇറാന്‍കാരെ അമേരിക്കയും വിട്ടയച്ചു. ഇതില്‍ ആറുപേര്‍ അമേരിക്കന്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇറാന്‍-അമേരിക്ക ഇരട്ടപൗരത്വമുള്ളവരാണ്.
Next Story

RELATED STORIES

Share it