ഇറാനില്‍ വീണ്ടും ഭൂചലനം; നിരവധി പേര്‍ക്കു പരിക്ക്‌

തെഹ്‌റാന്‍: ഇറാനെ വിറപ്പിച്ച് വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. എട്ടുലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന കര്‍മാന്‍ പ്രവിശ്യയിലെ ഗ്രാമപ്രദേശത്താണ് ഭൂചലനം കൂടുതല്‍ നാശം വിതച്ചത്. മണ്‍ചുവരുകളുള്ള വീടുകളാണ് ഈ പ്രദേശങ്ങളിലധികവും. അതിനാല്‍, പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആരും മരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തകരും പ്രത്യേക സംഘവും പ്രശ്‌നബാധിത പ്രദേശത്തേക്ക് പോയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച നായകളുടെ സേവനം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. കര്‍മാന്‍ പ്രവിശ്യയിലെ 14 ഗ്രാമങ്ങളെ ഭൂചലനം സാരമായി ബാധിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 6.30നാണ് ഭൂചലനം രേഖപ്പെടുത്തിയത്. കൂടാതെ, 30 തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായതായും പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. ഹജ്ദത്ത് ഗ്രാമത്തിലാണ് കൂടുതല്‍ നാശനഷ്ടം. ലോകത്ത് ഭൂകമ്പസാധ്യത ഏറെയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മൂന്നാഴ്ച മുമ്പ് റിക്റ്റര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഇറാനില്‍ നാശം വിതച്ചിരുന്നു. ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രവിശ്യയില്‍ വീടുകള്‍ക്ക് കനത്ത നാശവും ഉണ്ടായി. ഈ ഭൂചലനത്തില്‍ 530 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2003ല്‍ ഇറാനിലെ പുരാതന നഗരമായ ബാമില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 31,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it