Flash News

ഇറാനില്‍ ഇരട്ട സ്‌ഫോടനം ; 12 മരണം



തെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിലും ആത്മീയനേതാവായ ആയത്തുല്ലാ ഖുമൈനിയുടെ കബറിടത്തിലും സായുധര്‍ നടത്തിയ വെടിവയ്പിലും സ്‌ഫോടനത്തിലുമായി 12 മരണം. 42 പേര്‍ക്കു പരിക്കേറ്റു. ആക്രമണം നടത്തിയ നാലുപേരെയും സൈന്യം വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അക്രമികള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടാണ് ഐഎസ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയത്. ഇറാനില്‍ സംഘടന നടത്തുന്ന ആദ്യ ആക്രമണമാണിത്. അതിനിടെ, മൂന്നാമത്തെ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട സായുധസംഘത്തെ പിടികൂടിയതായി ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചു. ആയുധങ്ങളുമായി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ച അക്രമികളില്‍ ഒരാള്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്കു വെടിയേറ്റിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം. സായുധസംഘം സ്ത്രീവേഷത്തിലാണ് പാര്‍ലമെന്റിനകത്ത് കടന്നതെന്ന് ഇറാന്‍ ആഭ്യന്തര സഹമന്ത്രി മുഹമ്മദ് ഹുസൈന്‍ സുല്‍ഫാഗിരി അറിയിച്ചു. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം സമാധാനപരമായി നടന്നു. പാര്‍ലമെന്റില്‍ നടന്ന ആക്രമണത്തിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് ഖുമൈനിയുടെ കബറിടത്തില്‍ വെടിവയ്പുണ്ടായത്. സ്‌ഫോടകവസ്തുക്കളുമായി ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി സുരക്ഷാ സമിതിയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it