ഇറാനിലെ ചാരവൃത്തി; യു.എസ്. റിപോര്‍ട്ടര്‍ കുറ്റക്കാരനെന്ന് കോടതി

തെഹ്‌റാന്‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടര്‍ ജേസണ്‍ റെസൈയാന്റെ മേല്‍ ചുമത്തിയ ചാരവൃത്തി കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതായി ഇറാന്‍ നീതിന്യായമന്ത്രാലയം അറിയിച്ചു. വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ആരോപണം യുക്തിക്കു നിരക്കാത്തതാണെന്നു വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കിയിരുന്നു. ജേസണെ കുറ്റക്കാരനാണെന്നു കണ്ടെത്തിയെന്നും എന്നാല്‍ വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും കോടതി വക്താവ് ഖോലാംഹോസിന്‍ മൊഹ്‌സേനി ദേശീയ ചാനലിനോടു വ്യക്തമാക്കി.

20 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാമെന്നും അപ്പീല്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇത് അന്തിമവിധിയായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിവിധി അടിസ്ഥാനമില്ലാത്തതാണെന്നും ജേസണിന് തടവു വിധിച്ചോ എന്ന കാര്യം വ്യക്തമല്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിദേശ എഡിറ്റര്‍ ഡഗ്ലസ് ജെല്‍ പറഞ്ഞു. 10 മുതല്‍ 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ജേസണുമേല്‍ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജേസണും മാധ്യമപ്രവര്‍ത്തകയായ ഭാര്യയും രണ്ടു ഫോട്ടോഗ്രാഫര്‍മാരും അറസ്റ്റിലായത്. ജേസണൊഴികെ ബാക്കിയുള്ളവരെ വിട്ടയച്ചിട്ടുണ്ട്. അടച്ചിട്ട മുറിയിലാണ് ജേസണിന്റെ വിചാരണ നടന്നത്.
Next Story

RELATED STORIES

Share it