ഇറാനിയന്‍ ബോട്ട്; തീവ്രവാദബന്ധമില്ലെന്ന് എന്‍ഐഎ

തിരുവനന്തപുരം: കേരള തീരത്ത് പിടിയിലായ ഇറാനിയന്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന് എന്‍ഐഎ. തീരസംരക്ഷണ സേന പിടികൂടിയ ബോട്ടിലുണ്ടായിരുന്നവര്‍ മല്‍സ്യത്തൊഴിലാളികളാണെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. ബോട്ടില്‍ നിന്ന് അറുത്ത് മാറ്റിയ വല കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കടലില്‍ വീണ്ടും പരിശോധന നടത്തണോയെന്നത് ഉന്നതതല കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം ജൂലൈയിലാണ് ആലപ്പുഴ തീരത്തിന് 50 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് ഇറാനിയന്‍ ബോട്ടായ ബറൂക്കിയില്‍ സഞ്ചരിക്കുകയായിരുന്ന 12 പേരടങ്ങുന്ന സംഘത്തെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്. റോ, ഐബി അടക്കമുള്ള ഏജന്‍സികളുടെ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. ബോട്ട് പിടിച്ചെടുക്കുമ്പോള്‍ മല്‍സ്യബന്ധന വലകള്‍ മുറിഞ്ഞ നിലയിലായിരുന്നു. ഇതാണ് സംശയം ജനിപ്പിച്ചത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇറാനിയന്‍ സ്വദേശികളുടെ തീവ്രവാദബന്ധം കണ്ടെത്താനായിട്ടില്ലെന്നാണ് എന്‍ഐഎ കേന്ദ്ര സര്‍ക്കാരിനെയും മറ്റു രഹസ്യാന്വേഷണ ഏജന്‍സികളെയും അറിയിച്ചിരിക്കുന്നത്.
ബോട്ടില്‍ നിന്ന് ഉപഗ്രഹ ഫോണും വിദേശ കറന്‍സികളും കണ്ടെത്തുകയും ബോട്ടിലുണ്ടായിരുന്നവര്‍ വിദേശ രാജ്യങ്ങളിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തതോടെ ആക്രമണം ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്ന സംശയമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എന്‍ഐഎക്ക് അന്വേഷണം കൈമാറിയത്. കടലില്‍ വീണ്ടും പരിശോധന നടത്തണമോയെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
പലതവണ സംഘത്തെ ചോദ്യം ചെയ്തിട്ടും തെളിവുകള്‍ ലഭിക്കാതായതോടെയാണ് അറുത്തുമാറ്റിയ വലയില്‍ ആയുധങ്ങളോ മയക്കുമരുന്നോ ഉണ്ടാവാമെന്ന സംശയത്തില്‍ ആഴക്കടലില്‍ പരിശോധന നടത്താന്‍ എന്‍ഐഎ തീരുമാനിച്ചത്. ഇതിനായി ആധുനിക ഗവേഷണ കപ്പലായ സമുദ്ര രത്‌നാകര കൊച്ചിയിലെത്തിച്ചു. ജിയോളജിക്കല്‍ സര്‍വെയിലേയും മുംബൈ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെയും ശാസ്ത്രജ്ഞര്‍ പരിശോധനയില്‍ സഹകരിച്ചു. റോബോട്ടുകളുടേയും കാന്തിക തരംഗങ്ങളുടേയും സഹായത്തോടെയായിരുന്നു പരിശോധന. എന്നാല്‍, പരിശോധനയില്‍ വല കണ്ടെത്താനായില്ല. പോളിഗ്രാഫ് പരിശോധനയിലും ഒന്നും കണ്ടെത്താനാവാത്തതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചി യൂനിറ്റ് കേന്ദ്രത്തിന് റിപോര്‍ട്ട് കൈമാറിയത്. ചോദ്യം ചെയ്യലില്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞ അതേ കാര്യങ്ങളാണ് ഈ പരിശോധനയിലും ഇറാനിയന്‍കാര്‍ ആവര്‍ത്തിച്ചത്. വല കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് പരിശോധന നിര്‍ത്തി വച്ചിരിക്കുകയാണ്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെവ്വേറെ സെല്ലിലാണ് ഇറാനിയന്‍കാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതുവരെ ആരും ഇവരെ അന്വേഷിച്ചെത്തിയിട്ടില്ല. ആലപ്പുഴയില്‍ നിന്ന് ബോട്ട് വിഴിഞ്ഞത്തേക്കാണ് തീരദേശസേന എത്തിച്ചത്. പരിശോധനകള്‍ക്കുശേഷം വിഴിഞ്ഞം വാര്‍ഫിലാണ് ബോട്ട്. ആരും നോക്കാനില്ലാതെ ബോട്ട് നശിച്ചു തുടങ്ങി. ബോട്ടിന്റെ കാവലിനായി പോലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it