Flash News

ഇറാനിയന്‍ ചാനല്‍ സിഇഒ ഇസ്താംബൂളില്‍ കൊല്ലപ്പെട്ടു



ഇസ്താംബൂള്‍: പേര്‍ഷ്യന്‍ ഭാഷയിലുള്ള ജെം ടിവി കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ സഈദ് കരിമിയാനെ (45) തുര്‍ക്കിയിലെ ഇസ്്താംബൂളില്‍ മുഖംമൂടി ധാരികള്‍ വെടിവച്ച് കൊന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുവൈത്തിയായ വ്യവസായ പങ്കാളിയും കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് മസ്്‌ലാകിനു പ്രാന്തഭാഗത്ത് ഇവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കൊലപാതകത്തിനുപയോഗിച്ച വാഹനം കത്തിച്ച നിലയില്‍ കണ്ടെത്തിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും തുര്‍ക്കി പോലിസ് പറഞ്ഞു. വ്യവസായ, ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടാവാം കൊലപാതകമെന്നു തുര്‍ക്കി വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ പങ്കാളിയായെന്ന് ആരോപിച്ച് നേരത്തേ തെഹ്‌റാന്‍ കോടതി കരിമിയാന്റെ അസാന്നിധ്യത്തില്‍ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. വിദേശ, പാശ്ചാത്യ പരിപാടികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മാറ്റി ഇറാനില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെം ടിവി പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കുകയാണെന്നു വിമര്‍ശനമുണ്ട്. ലണ്ടനില്‍ ആരംഭിച്ച ജെം ഗ്രൂപ്പ് പിന്നീട് ദുബയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. നിലവില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ 17 ചാനലുകളും കുര്‍ദ്, അസരി, അറബി ഭാഷകളില്‍ ഓരോ ചാനലുമുണ്ട്.
Next Story

RELATED STORIES

Share it