World

ഇറാഖ് സര്‍ക്കാര്‍ രൂപീകരണം സദ്‌റുമായി സഖ്യം ചേരുമെന്ന് ഹൈദര്‍ അല്‍ അബാദി

ബഗ്ദാദ്: തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം   ലഭിക്കാത്ത ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദ്‌റുമായി സഖ്യമുണ്ടാക്കുമെന്നു പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് അബാദിയുടെ സഖ്യ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സദ്‌റിന്റെ സൈറൂണ്‍ സഖ്യം ഒന്നാംസ്ഥാനത്തും അബാദിയുടെ വിക്ടറി സഖ്യം മൂന്നാംസ്ഥാനത്തുമായിരുന്നു.
ഏറെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് സദ്ര്‍ സഖ്യരൂപീകരണത്തിനു ശ്രമം തുടങ്ങിയത്. ഇറാഖി ജനതയുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കാന്‍ എല്ലാ വിഭാഗങ്ങളുടെയും വംശങ്ങളുടെയും സഖ്യമാണ് തങ്ങള്‍ രൂപീകരിക്കുന്നതെന്നു ശിയാക്കളുടെ പുണ്യ നഗരമായ നജഫില്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സദ്ര്‍ അറിയിച്ചു.
പാര്‍ലമെന്റ് തിരെഞ്ഞടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഹാദി അല്‍ അമീരിയുടെ ഫതഹ് സഖ്യവുമായി സദ്ര്‍ കഴിഞ്ഞ ആഴ്ച സഖ്യത്തിലെത്തിയിരുന്നു. എന്നാല്‍, നജഫില്‍ മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമീരിയെ പരാമര്‍ശിച്ചില്ല. ശിയാക്കള്‍ മറ്റു കക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പിന്നീട് അബാദിയുടെ പ്രതികരണം. 329 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അല്‍ സൈറൂണ്‍ സഖ്യം 54ഉം ഫത്ഹ് സഖ്യം 47ഉം അബാദിയുടെ സഖ്യം 42ഉം സീറ്റുകളാണ് നേടിയിരുന്നത്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാന്‍ 165 വോട്ടുകള്‍ ലഭിക്കണം. സര്‍ക്കാര്‍ രൂപീകരണത്തിന് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it