World

ഇറാഖ്: മുഖ്തദ അല്‍ സദ്‌റിന്റെ സഖ്യത്തിന് മുന്നേറ്റം

ബഗ്ദാദ്: ഇറാഖ് പൊതു തിരഞ്ഞെടുപ്പില്‍ പ്രമുഖ ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദ്‌റിന്റെ അല്‍ സൈറൂന്‍ സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. 95 ശതമാനം വോട്ടുകള്‍ എണ്ണിയതോടെ അല്‍ സൈറൂന്‍ ഒന്നാമതെത്തിയതായി ഇറാഖി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇറാഖിലെ 18 പ്രവിശ്യകളില്‍ 10 ഇടത്തെ വോട്ടുകള്‍ പൂര്‍ണമായും എണ്ണിക്കഴിഞ്ഞു. ഇറാന്റെ പിന്തുണയുള്ള ശിയ നേതാവ് ഹാദി അല്‍ അമീരിയുടെ സഖ്യമാണു രണ്ടാംസ്ഥാനത്ത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള നസ്ര്‍ സഖ്യം മൂന്നാമതെത്തി. കഴിഞ്ഞദിവസം പുറത്തുവന്ന അനൗദ്യോഗിക ഫലങ്ങളില്‍ നസ്ര്‍ സഖ്യത്തിനാണു മേല്‍ക്കൈ പ്രവചിച്ചിരുന്നത്.
അബാദിക്കുള്ള തിരിച്ചടിയായാണു പുതുതായി പുറത്തുവന്ന പ്രാഥമിക ഫലസൂചനകള്‍ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അബാദിയുടെ സഖ്യമായിരുന്നു മുന്നിട്ടുനിന്നത്. മുഖ്തദ അല്‍ സദ്ര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലാത്തതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നണിയിലെ മറ്റു പ്രമുഖ നേതാക്കളെയാവും പരിഗണിക്കുക. യുഎസിന്റെയും ഇറാന്റെയും ശത്രുപക്ഷത്തു നില്‍ക്കുന്ന നേതാവാണ്് സദ്ര്‍. തലസ്ഥാനമായ ബഗ്ദാദ് നഗരത്തിലെ ഭൂരിപക്ഷം സീറ്റുകളും സദ്‌റിന്റെ സഖ്യത്തെയാണ് പിന്തുണച്ചത്.
ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്്. ഐഎസ് സായുധസംഘത്തെ പരാജയപ്പെടുത്തിയ ശേഷം രാജ്യത്തു നടന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. 44.2 ശതമാനമാണു പോളിങ്.  നൂരി അല്‍ മാലികിയുടെ ദവാത് അല്‍ ഖനൂന്‍, അമര്‍ അല്‍ ഹകീമിന്റെ ഹിക്മ എന്നീ ശിയാ സഖ്യങ്ങളും തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it