ഇറാഖി സംഘര്‍ഷം; കുര്‍ദ് സൈന്യങ്ങള്‍ അറബ് ഭവനങ്ങള്‍ തകര്‍ക്കുന്നു

ബഗ്ദാദ്: അറബ് സമൂഹങ്ങളെ മേഖലയില്‍നിന്നു തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ കുര്‍ദ് പെഷ്മര്‍ഗയും മറ്റു സായുധസംഘങ്ങളും വടക്കന്‍ ഇറാഖില്‍ ആയിരക്കണക്കിന് അറബ് ഭവനങ്ങള്‍ തകര്‍ത്തതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.
അറബികള്‍ ഐഎസ് സായുധസംഘത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് അവര്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കുര്‍ദ് മേഖലയിലെ സര്‍ക്കാര്‍ സൈന്യവും ഐഎസില്‍നിന്നു പിടിച്ചെടുത്ത മേഖലയില്‍ യുദ്ധക്കുറ്റങ്ങളില്‍ പങ്കാളികളായതായി റിപോര്‍ട്ടിലുണ്ട്. സംഭവത്തോട് കുര്‍ദ് ഭരണകൂടം പ്രതികരിച്ചിട്ടില്ല.
നൂറു കണക്കിന് ദൃക്‌സാക്ഷികളുമായും ഇരകളുമായും കൂടിക്കാഴ്ച നടത്തിയാണ് അന്വേഷണസംഘം റിപോര്‍ട്ട് തയ്യാറാക്കിയത്. ഇതിനായി 13 ഗ്രാമങ്ങളും പട്ടണങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. ഉപഗ്രഹ ചിത്രങ്ങള്‍ തങ്ങളുടെ കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നതായും ആംനസ്റ്റി വ്യക്തമാക്കി. പെഷ്മര്‍ഗ സൈന്യവും തുര്‍ക്കി-സിറിയ എന്നിവിടങ്ങളില്‍നിന്നുള്ള കുര്‍ദ്-യസീദി സായുധസംഘങ്ങളും വ്യാപക നശീകരണം നടത്തിയതിനു തെളിവുകള്‍ ലഭിച്ചതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സാധാരണക്കാരെ ബലമായി കുടിയൊഴിപ്പിക്കുന്നതും വീടുകളും മറ്റു വസ്തുവകകളും തകര്‍ക്കുന്നതും യുദ്ധക്കുറ്റ പരിധിയില്‍വരുമെന്ന് ആംനസ്റ്റിയുടെ മുതിര്‍ന്ന ക്രൈസിസ് റസ്‌പോണ്‍സ് ഉപദേശകന്‍ ഡൊണാറ്റെല്ലാ റൊവേര പറഞ്ഞു. ബലമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരിച്ചുവരുന്നതില്‍നിന്നു കുര്‍ദ് സൈന്യം തടയുകയാണെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.
കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങള്‍ മോശം പരിതസ്ഥിതിയിലുള്ള താല്‍ക്കാലിക ക്യാംപുകളിലാണ് കഴിഞ്ഞുകൂടുന്നത്. നിരവധി പേര്‍ക്ക് ജീവിതോപാധികളും സമ്പത്തും നഷ്ടമായി. ഇറാഖില്‍ ഒന്നര വര്‍ഷത്തിനിടെ 18,800 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന യുഎന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ആംനസ്റ്റി റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it