World

ഇറാഖില്‍ സൈന്യം ഫലൂജ തിരിച്ചുപിടിച്ചു

ബഗ്ദാദ്: ഇറാഖിലെ ഫലൂജ നഗരത്തില്‍ സര്‍ക്കാര്‍കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഐഎസില്‍നിന്നു തിരിച്ചുപിടിച്ചതായി സൈന്യം അറിയിച്ചു. ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദിയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വ്യാവസായിക പ്രദേശങ്ങള്‍ നേരത്തേ സൈന്യം പിടിച്ചെടുത്തിരുന്നു. മേഖലയിലെ സിറ്റി കൗണ്‍സില്‍ കെട്ടിടത്തിനു മുകളില്‍ വിജയസൂചകമായി സൈന്യം ഇറാഖി പതാക നാട്ടി.
ബഗ്ദാദിനു പടിഞ്ഞാറ് 50 കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണ് ഫലൂജ. ഇറാഖിലും സിറിയയിലും ഐഎസ് ഏറ്റവും കൂടുതല്‍ കാലം അധീനതയില്‍ വച്ച പ്രദേശമാണിത്.
2014 ജനുവരിയിലാണ് ഫലൂജ ഐഎസ് നിയന്ത്രണത്തിലാക്കുന്നത്. പിന്നീട് ആറു മാസത്തിനുശേഷമാണ് മൗസില്‍ ഉള്‍പ്പെടെ വടക്കന്‍ ഇറാഖിലേയും പടിഞ്ഞാറന്‍ ഇറാഖിലേയും സുപ്രധാന ഭാഗങ്ങള്‍ ഐഎസ് പിടിച്ചെടുക്കുന്നത്.
ഒരു മാസം മുമ്പാണ് ഫലൂജ തിരിച്ചുപിടിക്കാനുള്ള ദൗത്യം സൈന്യം ആരംഭിച്ചത്. ഐഎസില്‍ നിന്നും കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നില്ലെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ശിയാ അര്‍ധസൈനിക വിഭാഗവും സര്‍ക്കാര്‍ സൈന്യവും ചേര്‍ന്നു യുഎസ് വ്യോമസേനയുടെ പിന്തുണയോടെയാണ് ദൗത്യം നടത്തിയത്.
അതേസമയം, ഫലൂജയുടെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഐഎസ് സാന്നിധ്യുമുള്ളതായും സൈന്യം അറിയിച്ചു. 90,000ത്തോളം പ്രദേശവാസികള്‍ ഇപ്പോഴും ഫലൂജയിലുണ്ടെന്നാണ് വിവരം.
Next Story

RELATED STORIES

Share it