ഇറാഖില്‍ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധം; ആവശ്യം രാഷ്ട്രീയ പരിഷ്‌കരണം

ഇറാഖില്‍ സര്‍ക്കാരിനെതിരേ  വന്‍ പ്രതിഷേധം; ആവശ്യം രാഷ്ട്രീയ പരിഷ്‌കരണം
X
iraq

ബഗ്ദാദ് : ഇറാഖില്‍ രാഷ്ട്രീയപരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ ശിയാ പണ്ഡിതനായ മുഖ്താദ അല്‍ സദറിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. തലസ്ഥാനമായ ബഗ്ദാദില്‍ ആയിരക്കണക്കിന് സദര്‍ അനുകൂലികളാണ് പ്രതിഷേധവുമായി അണിനിരന്നത്.
മാസങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് സമരത്തിലേക്ക് നയിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. തഹ്‌രിര്‍ ചത്വരത്തില്‍ നിന്നും സര്‍ക്കാര്‍ ആസ്ഥാനമായ ഗ്രീന്‍ സോണിലേക്ക് മാര്‍ച്ച് നടത്താന്‍ അനുകൂലികളോട് സദര്‍ ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണോ എന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇറാഖില്‍ സ്വതന്ത്ര മന്ത്രിസഭ രൂപീകരിക്കണമെന്നാണ് ആവശ്യം.
ഇറാഖില്‍ മാറ്റം അനിവാര്യമാണെന്നും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കഴിവുള്ളവര്‍ ഭരണത്തിലിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സാങ്കേതിക വിദഗ്ധരുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട മന്ത്രിമാരെ നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചകളായി രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പാര്‍ലമെന്റിലെ ശക്തരായ പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തുവന്നതോടെ പുതിയ കാബിനറ്റ് പട്ടിക തയ്യാറാക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഈ പദ്ധതിയുമായി മുന്നോട്ടു പോവണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
2003ലെ യുഎസ് അധിനിവേശത്തിനും സദ്ദാംഹുസൈന്റെ പതനത്തിനും ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍.
Next Story

RELATED STORIES

Share it