Flash News

ഇറാഖില്‍ കാണാതായ ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്



ബഗ്ദാദ്: 2014 ജൂലൈയില്‍ ഇറാഖിലെ മൗസിലില്‍ കാണാതായ 39 ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇറാഖ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൗസിലിലെ ബാദര്‍ശ് ജയിലിന് സമീപത്തുള്ള കൂട്ടക്കുഴിമാടത്തില്‍നിന്നാണ് ഇവരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. കാണാതായവരില്‍ 22 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവരെ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് കരുതപ്പെടുന്നത്. കാണാതായവരുടെ കുടുംബങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍  കഴിഞ്ഞദിവസം അമൃത്‌സറിലെ മെഡിക്കല്‍ കോളജില്‍ ശേഖരിച്ചിരുന്നു. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് കാണാതായവരില്‍ ഭൂരിഭാഗവും. ഇവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കുടുംബങ്ങള്‍ക്ക് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മൗസില്‍, ബാദര്‍ശ് പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ അനുകൂലമായ ഒരു വിവരവും ലഭിച്ചില്ലെന്ന് കഴിഞ്ഞദിവസം വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് വ്യക്തമാക്കി. കുടുംബങ്ങളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാംപിളുകള്‍ ഇറാഖ് അധികൃതരുടെയും ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസ് കമ്മിറ്റിയുടെയും ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നതിന് അയച്ചുകൊടുത്തതായും അദ്ദേഹം അറിയിച്ചിരുന്നു. 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി 2014 ജൂണില്‍ ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട പഞ്ചാബുകാരനായ ഹര്‍ജിത് മസീഹ് പറഞ്ഞിരുന്നു. എന്നാല്‍, ഇവരുടെ മരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്.
Next Story

RELATED STORIES

Share it