Flash News

ഇറങ്ങിപ്പോയിട്ടില്ല, പാര്‍ട്ടിക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട് -ജയരാജന്‍

ഇറങ്ങിപ്പോയിട്ടില്ല, പാര്‍ട്ടിക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട് -ജയരാജന്‍
X


കണ്ണൂര്‍ : സിപിഐ (എം) സംസ്ഥാന കമ്മറ്റി യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അവകാശമുണ്ട് എന്നും ജയരാജന്‍ വിശദീകരിച്ചു. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ഭിന്നമാണ് സിപിഎമ്മെന്നും സാധാരണ അംഗം മുതല്‍ ഉയര്‍ന്ന ഘടകത്തിലെ സഖാക്കള്‍ അടക്കം വിമര്‍ശനത്തിനു വിധേയരാണ് എന്നും ജയരാജന്‍ പറഞ്ഞു.വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടു കൊണ്ടാണ് പ്രവര്‍ത്തിക്കുക.
വിമര്‍ശനം,സ്വയം വിമര്‍ശനം എന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ്.വിമര്‍ശനം ഇല്ലെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്ല. ബ്രാഞ്ച് മുതല്‍ ഏത് പാര്‍ട്ടി കമ്മറ്റിയിലും വിമര്‍ശനം ഉണ്ടാവണം.ആ വിമര്‍ശനങ്ങളോട് ശരിയായ നിലയ്ക്കാണ്  ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പ്രതികരിക്കേണ്ടത്- ജയരാജന്‍ പറഞ്ഞു.
ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു കഴിഞ്ഞ ദിവസം വിലയിരുത്തിയ സംസ്ഥാന സമിതി ഇതുസംബന്ധിച്ച പ്രമേയവും അംഗീകരിച്ചിരുന്നു. മഹത്വവല്‍ക്കരണത്തിനായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പവും തയ്യാറാക്കിയെന്നാണ് പ്രമേയം ചൂണ്ടിക്കാട്ടിയത്്്. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാവില്ലെന്ന്് വിലയിരുത്തിയ സംസ്ഥാന സമിതി കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപോര്‍ട്ടിങ് നടത്താനും തീരുമാനിച്ചിരുന്നു.
വ്യക്തമായ തെളിവുകളുമായാണ് ജയരാജനെതിരേ സംസ്ഥാന കമ്മിറ്റി കര്‍ക്കശനിലപാട് കൈക്കൊണ്ടത്. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകളും സംസ്ഥാനകമ്മിറ്റി പരിഗണിച്ചു. ഇതിനെതിരേ വൈകാരികമായാണ് ജയരാജന്‍ യോഗത്തില്‍ പ്രതികരിച്ചത്. തനിക്കെതിരായ നീക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജീവിതരേഖ തയ്യാറാക്കാന്‍ താനാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. രേഖ തയ്യാറാക്കിയത് താനല്ലെന്നും സംസ്ഥാനസമിതി അംഗമായ കെ കെ രാഗേഷ് ആണെന്നും ജയരാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തനിക്കുള്ള അഭിപ്രായം രേഖപ്പെടുത്തിയശേഷം ജയരാജന്‍ ഇറങ്ങിപ്പോയി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ താന്‍ ഇറങ്ങിപ്പോയിട്ടില്ലെന്നാണ് ജയരാജന്റെ വിശദീകരണം.
Next Story

RELATED STORIES

Share it