ഇരു മുന്നണികളെയും തുണയ്ക്കുന്ന ജില്ല

ടോമി മാത്യു

എറണാകുളം മണ്ഡലം ഇരു മുന്നണികളെയും മാറി മാറി പുണര്‍ന്നിട്ടുണ്ടെങ്കിലും 2001 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി യുഡിഎഫിനൊപ്പമാണ് നിലകൊണ്ടത്. 2001ലും 2006ലും പ്രഫ. കെ വി തോമസ് വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്നു ജയിച്ചത്. 2001ല്‍ എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ പോളിനെതിരേ 11,894 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2006ല്‍ 5800 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചിരുന്നു. തുടര്‍ന്ന്, 2009ല്‍ കെ വി തോമസ് ലോക്‌സഭയിലേക്ക് വിജയിച്ചതോടെ ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനു തന്നെയായിരുന്നു വിജയം.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡൊമിനിക് പ്രസന്റേഷന്‍ 8620 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ പി എന്‍ സീനുലാലിനെ പരാജയപ്പെടുത്തിയത്. 2011ലെ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 32,437 വോട്ടിനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ പോളിനെ തോല്‍പ്പിച്ചു. ഹൈബി തന്നെയാകും ഇക്കുറിയും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ അഡ്വ. എം അനില്‍കുമാര്‍, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
2011ല്‍ രൂപം കൊണ്ട തൃക്കാക്കരയിലും യുഡിഎഫിനു തന്നെയായിരുന്നു വിജയം. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫിന്റെ എം ഇ ഹസൈനാരെ ബെന്നി ബെഹനാന്‍ പരാജയപ്പെടുത്തിയത്. കെ എന്‍ ഉണ്ണികൃഷ്ണന്‍, മണിശങ്കര്‍, അഡ്വ. വി ജെ മാത്യു എന്നിവരുടെ പേരുകളാണ് എല്‍ഡിഎഫ് ഇത്തവണ ഇവിടെ പരിഗണിക്കുന്നത്. കുന്നത്ത്‌നാട്ടില്‍ 2001ല്‍ കോണ്‍ഗ്രസ്സിന്റെ ടി എച്ച് മുസ്തഫ 21,757 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ എം പി വര്‍ഗീസിനെ പരാജയപ്പെടുത്തിയപ്പോള്‍ 2006ല്‍ സിപിഎമ്മിലെ അഡ്വ. എം എം മോനായിയോട് കോണ്‍ഗ്രസ്സിന്റെ പി പി തങ്കച്ചന്‍ 2057 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍, 2011ലെ തിരഞ്ഞെടുപ്പില്‍ വി പി സജീന്ദ്രനിലൂടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു.
8732 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ എം എ സുരേന്ദ്രനെയാണ് സജീന്ദ്രന്‍ ഇവിടെ പരാജയപ്പെടുത്തിയത്. ഇത്തവണയും സജീന്ദ്രന്‍ തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയാവുക. എന്നാല്‍, കലാഭവന്‍ മണിയെ രംഗത്തിറക്കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. പിറവത്ത് ടി എം ജേക്കബ് 2001ല്‍ സിപിഎമ്മിന്റെ ഗോപി കോട്ടമുറിക്കലിനെ 12,720 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയെങ്കിലും 2006ല്‍ സിപിഎമ്മിന്റെ എം ജെ ജേക്കബില്‍ നിന്നും പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചു. ഡി ഐസിയുടെ ബാനറിലായിരുന്നു ടി എം ജേക്കബ് മല്‍സരിച്ചത്. എന്നാല്‍, 5150 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിറവം എം ജെ ജേക്കബിനെ നിയമസഭയിലേക്കയച്ചു. പിന്നീട് ടി എം ജേക്കബ്ബ് വീണ്ടും കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു.
2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ടി എം ജേക്കബ് 2006ലെ പരാജയത്തിന് മറുപടി നല്‍കിക്കൊണ്ട് വിജയക്കൊടി പാറിച്ചു. സിറ്റിങ് എംഎല്‍എയായിരുന്ന എം ജെ ജേക്കബ്ബിനെ പരാജയപ്പെടുത്തിയ ടി എം ജേക്കബ് യുഡിഎഫ് മന്ത്രിസഭിയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായി.ഇദ്ധേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ഥിയായി. എം ജെ ജേക്കബ് തന്നെയായിരുന്നു എതിരാളി. 12,701 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അനൂപ് ജേക്കബ് വിജയം നേടി. ഇത്തവണയും അനൂപ് ജേക്കബ് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയാവുക. സി കെ റെജിയുടെ പേരാണ് പ്രധാനമായും സിപിഎം ഇവിടെ പരിഗണിക്കുന്നത്.
മൂവാറ്റുപുഴയില്‍ 2001ല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ 8993 വോട്ടുകള്‍ക്കാണ് സിപിഐയിലെ ജോര്‍ജ് കുന്നപ്പിള്ളിയെ പരാജയപ്പെടുത്തിയത്. എന്നാല്‍, 2006ലെ തിരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോണി നെല്ലൂരിന് ഇവിടെ അടിതെറ്റി. എല്‍ഡിഎഫിലെ ബാബു പോളാണ് വിജയിച്ചത്. 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജോസഫ് വാഴയ്ക്കനെ സ്ഥാനാര്‍ഥിയാക്കി വിജയം തിരിച്ചുപിടിച്ചു. ഇത്തവണയും ജോസഫ് വാഴയ്ക്കന്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥിയാവുക. എല്‍ദോ, ബാബു പോള്‍, എന്‍ അരുണ്‍ എന്നിവരിലാരെങ്കിലുമായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഇരു മുന്നണികളെയും മാറി മാറി വിജയിപ്പിച്ച ചരിത്രമാണ് കോതമംഗലത്തിന് പറയാനുള്ളത്. 2001ല്‍ കോണ്‍ഗ്രസ്സിലെ വി ജെ പൗലോസ് 12,423 വോട്ടുകള്‍ക്ക് അന്ന് എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ പ്രഫ. ബേബി എം വര്‍ഗീസിനെ പരാജയപ്പെടുത്തി. എന്നാല്‍, 2006ല്‍ ജോസഫ് ഗ്രൂപ്പ് ടി യു കുരുവിളയെ രംഗത്തിറക്കി മണ്ഡലം പിടിച്ചു. പിന്നീട് മാണി ഗ്രൂപ്പില്‍ ജോസഫ് ലയിച്ചതിനെ തുടര്‍ന്ന് 2011ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കുരുവിള കേരള കോണ്‍ഗ്രസ്സിലെ സ്‌കറിയ തോമസിനെ 12,222 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയം നിലനിര്‍ത്തി. ഇത്തവണയും കുരുവിള തന്നയാകും യുഡിഎഫ് സ്ഥാനാര്‍ഥിയാവുകയെന്നാണ് പറയുന്നത്. എന്നാല്‍, ജോസഫ് വിഭാഗത്തിന്റെ സീറ്റുകളെച്ചൊല്ലി മാണിഗ്രൂപ്പില്‍ അഭിപ്രായ ഭിന്നത മൂര്‍ച്ഛിച്ചതോടെ എന്തും സംഭവിക്കാമെന്ന നിലയിലാണ്. കേരള കോണ്‍ഗ്രസ്സിലെ സ്‌കറിയാ തോമസ് തന്നെയായിരിക്കും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് സൂചനകള്‍.
കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ഫലം എറണാകുളം ജില്ലയില്‍ ഇടതിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തിയെങ്കിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞതവണ 26 ഡിവിഷനുകളില്‍ 23 നേടിയാണ് യുഡിഎഫ് ഭരണത്തിലേറിയത്. എന്നാല്‍, ഇക്കുറി ഒരു സീറ്റ് കൂടി വര്‍ധിച്ച് 27 സീറ്റിലേക്ക് നടന്ന മല്‍സരത്തില്‍ 16 ഇടത്തു മാത്രമേ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ മൂന്നു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍ഡിഎഫ് ഇക്കുറി 11 സീറ്റുകള്‍ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് എസ്ഡിപിഐയും കൈവരിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റ് നേടിയാണ് ഇത്തവണ എസ്ഡിപിഐ മികച്ച വിജയം കുറിച്ചത്. ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍, കളമശ്ശേരി, മുവാറ്റുപുഴ, കോതമംഗലം, പറവൂര്‍ മണ്ഡലങ്ങളിലെ പല വാര്‍ഡുകളിലും ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ കീഴ്മാട് ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച പ്രഫ. അനസ് നേടിയത് 5800 ലധികം വോട്ടുകളാണ്. ജില്ലയിലെ 10 ഓളം മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ എസ്ഡിപിഐ നിയമസഭ തിരഞ്ഞെടുപ്പിലും ഇരു മുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
Next Story

RELATED STORIES

Share it