ഇരു മുന്നണികളെയും തുണയ്ക്കുന്ന ജില്ല

ടോമി മാത്യു

എറണാകുളം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് പൊതുവെയുളള വിലയിരുത്തലെങ്കിലും എല്‍ഡിഎഫിനൊപ്പം നിന്ന പാരമ്പര്യവും ജില്ലയ്ക്കുണ്ട്. 2006ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്തും ഇടത് വിജയക്കൊടി പാറിച്ചു. ഇതോടെ എറണാകുളം ജില്ല യുഡിഎഫിന്റെ മാത്രം കുത്തകയല്ലെന്ന് വ്യക്തമായി. 2009ല്‍ എല്‍ഡിഎഫ് സിന്ധു ജോയിയെ കളത്തിലിറക്കിയെങ്കിലും പ്രഫ. കെ വി തോമസിന് മുന്നില്‍ അടിയറവ് പറഞ്ഞു.
പല മണ്ഡലങ്ങള്‍ക്കും 2011 തിരഞ്ഞെടുപ്പില്‍ രൂപമാറ്റം സംഭവിച്ചു പേരുകള്‍ മാറിയെങ്കിലും എണ്ണത്തില്‍ വ്യത്യാസമുണ്ടായില്ല. വടക്കേക്കര, ഞാറയ്ക്കല്‍, മട്ടാഞ്ചേരി, പള്ളുരുത്തി എന്നീ മണ്ഡലങ്ങള്‍ക്കാണ് രൂപമാറ്റം സംഭവിച്ചത്. ഇവയ്ക്കു പകരം വൈപ്പിന്‍, കളമശ്ശേരി, തൃക്കാക്കര, കൊച്ചി എന്നീ മണ്ഡലങ്ങള്‍ രൂപം കൊണ്ടു. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം, കുന്നത്ത്‌നാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നിവയാണ് നിലവില്‍ ജില്ലയിലെ മറ്റു നിയസഭാ മണ്ഡലങ്ങള്‍.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് 2011ല്‍ 14 സീറ്റില്‍ 11ഉം നേടി യുഡിഎഫ് പകരംവീട്ടി. ആലുവ, കളമശ്ശേരി, പറവൂര്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവ യുഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് പെരുമ്പാവൂര്‍, അങ്കമാലി, വൈപ്പിന്‍ എന്നിവ നേടി. പെരുമ്പാവൂരില്‍ തുടര്‍ച്ചയായി മൂന്നു തവണയും സിപിഎമ്മിലെ സാജുപോളാണ് വിജയിച്ചുവരുന്നത്. സാജുപോളിന് ഇത്തവണ പെരുമ്പാവൂരില്‍ സീറ്റുണ്ടാവുമോയെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. യുഡിഎഫില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും ഇത്തവണയും ഇവിടെ മല്‍സരിക്കുകയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പലരുടെയും പേരുകള്‍ ഇവിടെ ഉയരുന്നുണ്ടെങ്കിലും എല്‍ദോസ് കുന്നപ്പള്ളി, വി ജെ പൗലോസ് എന്നിവരുടെ പേരിനാണ് മുന്തൂക്കം.
യുഡിഎഫ് സീറ്റായിരുന്ന അങ്കമാലി 2001ല്‍ ജനതാദളിലെ അഡ്വ. ജോസ് തെറ്റയിലിന്റെ വിജയത്തോടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇത്തവണ അങ്കമാലിയില്‍ ജോസ് തെറ്റയില്‍തന്നെ മല്‍സരിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിയട്ടില്ല. അങ്കമാലി, എറണാകുളം സീറ്റുകള്‍ പരസ്പരം വച്ചുമാറാന്‍ എല്‍ഡിഎഫില്‍ ആലോചന നടക്കുന്നുണ്ട്. അങ്കമാലി സീറ്റ് സിപിഎം എടുത്ത് ജനതാദളിന് എറണാകുളം പകരം നല്‍കാനാണ് ആലോചന. യുഡിഎഫില്‍ എന്‍എസ്‌യു നേതാവ് റോജി ജോണിന്റെ പേരാണ് പ്രധാനമായും ഉയരുന്നുത്. കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് അങ്കമാലിക്കു പകരം മറ്റേതെങ്കിലും സീറ്റ് നല്‍കും.
തുടര്‍ച്ചയായി കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ട ആലുവ സീറ്റ് 2006ലെ തിരഞ്ഞെടുപ്പില്‍ എ എം യൂസഫിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2011ല്‍ യുവ നേതാവ് അന്‍വര്‍ സാദത്തിലൂടെ 13,214 വോട്ട് ഭൂരിപക്ഷത്തില്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ഇത്തവണയും അന്‍വര്‍ സാദത്ത് തന്നെയായിരിക്കും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പല പേരുകളും ഉയരുന്നുണ്ടെങ്കിലും സിപിമ്മിലെ വി സലിം ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് സൂചന.
2011ല്‍ രൂപീകൃതമായ കളമശ്ശേരി മണ്ഡലത്തില്‍ നിലവിലുള്ള എംഎല്‍എ മുസ്ലിംലീഗിലെ വി കെ ഇബ്രാഹിംകുഞ്ഞാണ്. മുതിര്‍ന്ന നേതാവായ കെ ചന്ദ്രന്‍പിളളയെ 7,789 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇബ്രാഹിംകുഞ്ഞ് പരാജയപ്പെടുത്തിയത്. വി കെ ഇബ്രാഹിംകുഞ്ഞ് തന്നെയാവും ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ വി എം സക്കീര്‍ ഹുസൈന്റെ പേരാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി പ്രധാനമായും ഉയരുന്നത്.
അഡ്വ. വി ഡി സതീശന്‍ വിജയിച്ച പറവൂര്‍ 2001, 2006, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി യുഡിഎഫിനൊപ്പമുള്ള മണ്ഡലമാണ്. ഇത്തവണയും വി ഡി സതീശന്‍ തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് വിവരം. സിപിഐ ജില്ലാസെക്രട്ടറിയായ പി രാജുവായിരിക്കും മിക്കവാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2011ല്‍ രൂപം കൊണ്ട വൈപ്പിന്‍ എല്‍ഡിഎഫിനൊപ്പമാണ്. പ്രമുഖ വിഎസ് പക്ഷനേതാവ് എസ് ശര്‍മ യുഡിഎഫിലെ അജയ് തറയിലിനെ 5,242 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇത്തവണയും എസ് ശര്‍മ തന്നയാവും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സില്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ സ്ഥാനാര്‍ഥിയായി എത്താന്‍ സാധ്യതയുണ്ട്.
2011ല്‍ യുഡിഎഫിനൊപ്പമാണ് കൊച്ചി മണ്ഡലം നിലകൊണ്ടത്. 16,503 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈനെതോല്‍പ്പിച്ച് ഡൊമിനിക് പ്രസന്റേഷന്‍ ആയിരുന്നു വിജയി. ഇത്തവണയും ഡൊമിനിക് പ്രസന്റേഷന്‍ തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് സൂചന. ഡൊമിനിക് പ്രസന്റേഷന്‍ മാറിയാല്‍ കൊച്ചിയില്‍നിന്നുളള സ്ഥാനാര്‍ഥിയാവണം പകരമെത്തേണ്ടതെന്നാണ് ഇവിടത്തെ പാര്‍ട്ടിപ്രവര്‍ത്തകരുടെ ആവശ്യം. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസായിരിക്കും മിക്കവാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് വിവരം.
തൃപ്പൂണിത്തുറ മന്ത്രി കെ ബാബു തുടര്‍ച്ചയായി മല്‍സരിച്ചു വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. എക്‌സൈസ് മന്ത്രിയായ ബാബു അടുത്തിടെ ബാര്‍കോഴ ആരോപണത്തില്‍ കുടുങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രതിഛായക്ക് കാര്യമായ മങ്ങലേറ്റിട്ടുണ്ട്. കെ ബാബുവിനെ തൃപ്പൂണിത്തുറയില്‍ നിന്നും മാറ്റി പകരം തൃക്കാക്കരയിലും നിലവിലെ തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാനെ പെരുമ്പാവൂരിലും മല്‍സരിപ്പിക്കാന്‍ ആലോചനയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എം സി സുരേന്ദ്രന്‍, സി എന്‍ സുന്ദരന്‍ എന്നിവരുടെ പേരുകളാണ് എല്‍ഡിഎഫ് പരിഗണനയിലുള്ളത്.
                                                                                                                                                                          (തുടരും)
Next Story

RELATED STORIES

Share it