thrissur local

ഇരു മണ്ഡലങ്ങളിലെയും ഹര്‍ത്താല്‍ പൂര്‍ണം, സമാധാനപരം

കൊടുങ്ങല്ലൂര്‍/ഇരിങ്ങാലക്കുട: ജില്ലയില്‍ ഇന്നലെ രണ്ടു നിയോജക മണ്ഡലങ്ങളിലായി നടന്ന ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ദുരിതമേകി. ഇരു വിഭാഗങ്ങളും നഗരങ്ങളില്‍ പ്രകടനം നടത്തി.
ടി എന്‍ പ്രതാപന്‍ എംഎല്‍എക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തിലും കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നലെ നടത്തിയ പകല്‍ ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു.
മാള ടൗണ്‍, വലിയപറമ്പ്, പൊയ്യ, പൂപ്പത്തി, അന്നമനട, പാറപ്പുറം, എരവത്തൂര്‍, കുഴൂര്‍, കുണ്ടൂര്‍, പുത്തന്‍ചിറ, മാണിയംകാവ്, മങ്കിടിയാന്‍മുക്ക്, മേലഡൂര്‍, അഷ്ടമിച്ചിറ തുടങ്ങി മേഖലയിലെ എല്ലാ ഭാഗങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
ഗ്രാമപ്രദേശങ്ങളിലെ ചെറിയ കടകള്‍ പോലും ഇന്നലെ പകല്‍ മുഴുവന്‍ അടഞ്ഞു കിടപ്പായിരുന്നു. ഇരു കക്ഷികളും ഒരേപോലെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട അവസ്ഥയായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഇരുകൂട്ടരും പ്രകടനം നടത്തി. ഹര്‍ത്താല്‍ മൂലം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നതിനാല്‍ സാധാരണക്കാരായവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഹര്‍ത്താല്‍ വിവരം ചൊവ്വാഴ്ച അധികമാരും അറിഞ്ഞിരുന്നില്ല. അതിനാല്‍തന്നെ വീടുകളിലേക്കുള്ള സാധനങ്ങളും മരുന്നും മറ്റും പലരും വാങ്ങിയിരുന്നില്ല.
അന്നന്നത്തേക്കുള്ള സാധനങ്ങള്‍ മാത്രം വാങ്ങുന്ന ബംഗാളികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി. തനിക്ക് നേരേയും കാറിന് നേരെയുമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എ ആശുപത്രിയിലെ ചികിത്സക്കിടെ ഉപവാസം അനുഷ്ടിച്ചു.
ആക്രമണം നടന്ന് ഏറെ കഴിയും മുന്‍പ് മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന്റെ നേതൃത്ത്വത്തില്‍ പുത്തന്‍ചിറയിലെ പാര്‍ട്ടി ഓഫീസില്‍ അന്‍പതോളം പേര്‍ ഉപവാസം ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിവരെ ഉപവാസം തുടര്‍ന്നു. മാള ഗവ ആശുപത്രിയില്‍ ചികില്‍സയിലുള്ള എംഎല്‍എയുടെയടുത്ത് നേതാക്കളടക്കം പ്രമുഖരെത്തി. ഇതിനിടെ എംഎല്‍എക്കെതിരെ ആക്രമണം നടത്തിയവരില്‍ രണ്ടുപേരെ മാള പോലിസ് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ പൊരുന്നക്കുന്ന് വൈലിക്കട വീട്ടില്‍ അനില്‍(37), പഴൂക്കര വില്ലംപറമ്പില്‍ രാജേഷ്(37)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. പോലിസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറി എം രാജേഷ്, യു കെ പ്രഭാകരന്‍, രാജന്‍, അനില്‍ എന്നിവര്‍ പുത്തന്‍ചിറ ഗവ ആശുപത്രിയില്‍ ചികില്‍സയിലാണ്.
യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സോയ് കോലഞ്ചേരി, ദിലീപ് പരമേശ്വരന്‍, ടി കെ ജിനേഷ്, എം കെ സെയ്ഫുദ്ധീന്‍, അഷറഫ് വെളുത്തേരി, പി സി ഗോപി നേതൃത്വം നല്‍കി. എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ടി എം ബാബു അധ്യക്ഷത വഹിച്ചു. ടി പി രവീന്ദ്രന്‍, സി ആര്‍ പുരുഷോത്തമന്‍, എ വി ഉണ്ണികൃഷ്ണന്‍, പി വി ഷാജി നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
റോഡരികില്‍ സ്ഥാപിച്ചിരുന്ന യുഡിഎഫിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനത്തിനിടെ നശിപ്പിച്ചു. സംഭവം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. പ്രാദേശിക ചാനല്‍ കാമറാമാന്‍ വിഷ്ണു മുതുപറമ്പിലിനെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ടി.സി.വി. റിപ്പോര്‍ട്ടര്‍ രാഗേഷിനെയും മാധ്യമ പ്രവര്‍ത്തകന്‍ സിബിന്‍ എന്നിവരെയും കയ്യേറ്റം ചെയ്ത പ്രവര്‍ത്തകര്‍ കാമറകള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. പരിക്കേറ്റ വിഷ്ണുവിനെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പട്ടണത്തില്‍ വായ് മൂടി കെട്ടി പ്രകടനം നടത്തി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it