kasaragod local

ഇരുള്‍ നിറഞ്ഞ പാന്ഥാവിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ക്കായി മുനീസ

അബ്ദുര്‍റഹ്ാന്‍ ആലൂര്‍

കാസര്‍കോട്: ഇരുള്‍ നിറഞ്ഞ പാന്ഥാവിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്തുകയാണ് മുനിസ അമ്പലത്തറ.
ജന്മംകൊണ്ട് അന്ധയാണെങ്കിലും കര്‍മം കൊണ്ട് വിപ്ലവ വീര്യത്തിന്റെ കരുത്ത് തെളിയിക്കുകയാണ് ഈ ബിരുദാന്തര ബിരുദധാരി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തര പോരാട്ടത്തിലാണ് ഇവര്‍. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും കഴിഞ്ഞ റിപബ്ലിക്ക് ദിനത്തില്‍ ആരംഭിച്ച അനിശ്ചിതകാല കഞ്ഞിവയ്പ്പ് സമരത്തിന് നേതൃത്വം നല്‍കിയത് എന്‍ഡോസള്‍ഫാന്‍ പീഡിതമുന്നണി പ്രസിഡന്റായ മുനീസയുടെ നേതൃത്വത്തിലായിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനടക്കമുള്ള കേരളത്തിലെ പ്രമുഖര്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തിന് ഇറങ്ങിയതോടെ സര്‍ക്കാറിന് ദുരിതബാധിതരുടെ പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കാനായില്ല. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ദുരിതബാധിതര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശ പോരാട്ടത്തില്‍ ഉറച്ച കാല്‍വയ്‌പ്പോടെ നേതൃത്വം നല്‍കുകയാണ് പൂര്‍ണമായും കാഴ്ച്ച നഷ്ടപ്പെട്ട മുനീസ. പരസഹായമില്ലാതെ ഇവര്‍ക്ക് നടക്കാന്‍ പോലും പറ്റില്ല. എന്നാലും ഉത്തരവാദിത്വപ്പെട്ടവരുടെ മുഖത്ത് നോക്കി അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ ഇവരുടെ ശബ്ദത്തിന് കനം കൂടും.
കാഞ്ഞങ്ങാട് അമ്പലത്തറ ജിവിഎച്ച്എസ്എസിന് സമീപത്താണ് താമസം. അമ്പലത്തറ ജിഎച്ച്എസില്‍ നിന്നും എസ്എസ്എല്‍സിയും കാസര്‍കോട് ഗവ.കോളജില്‍ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും കരസ്ഥമാക്കി. തുടര്‍ന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ കാഞ്ഞങ്ങാട് പി സ്മാരക സെന്ററില്‍ നിന്ന് മലയാളത്തില്‍ ബിരുദാന്തരബിരുദം കരസ്ഥമാക്കിയ ശേഷം ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ കോളജില്‍ നിന്നും ബിഎഡും നേടി. ഒരു വര്‍ഷം ബളാന്തോട് ജിഎച്ച്എസ്എസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി നോക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ കോ-ഓഡിനേറ്റര്‍ കൂടിയാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം അസിനാര്‍-നഫീസ ദമ്പതികളുടെ മകളാണ്. മുഹമ്മദ്, മജീദ്, അഷ്‌റഫ്, ജമീല, ലത്തീഫ്, സുഹ്‌റ, സാജിത സഹോദരങ്ങളാണ്.
Next Story

RELATED STORIES

Share it