wayanad local

ഇരുമുന്നണികളും സീറ്റുകള്‍ നിലനിര്‍ത്തി

മാനന്തവാടി: ജില്ലയിലെ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന് ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകളെണ്ണിയപ്പോള്‍ അതാത് മുന്നണികള്‍ സീറ്റുകള്‍ നിലനിര്‍ത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പി സി മമ്മൂട്ടിയും തിരുനെല്ലി ഗ്രാമപ്പഞ്ചായത് അപ്പപ്പാറ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു സുരേഷുമാണ് വിജയിച്ചത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറെത്തറ ഡിവിഷനില്‍ അംഗമായിരുന്ന ഈന്തന്‍ ആലി മരണപ്പെട്ട ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 2015 ല്‍ 345 വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ച ഡിവിഷനില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 884 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ മുസ്ലിലീഗ് സ്ഥാനാര്‍ത്ഥി പി സി മമ്മൂട്ടി വിജയിച്ചത്. യൂഡിഎഫ് 3835, എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ത്ഥി സന്തോഷ്‌കുമാര്‍ 2951, ബിജെപിയിലെ സുമില്‍ കുമാര്‍ 586 എന്നിങ്ങനെയാണ് വോട്ടിംഗ് നില. പോളിംഗ് ശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ നാല് ശതമാനം കുറഞ്ഞപ്പോള്‍ യുഡിഎഫ്‌ന് 414, എല്‍ഡിഎഫിന് 953, ബിജെപിക്ക് 211 എന്നിങ്ങനെ വോട്ടുകളിലും കുറവ് സംഭവിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ അപ്പപ്പാറയിലെ വാര്‍ഡംഗം ഉണ്ണി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മുന്‍ തിരഞ്ഞെടുപ്പില്‍ 276 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്ന എല്‍ഡിഎഫിന് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ബിന്ദു സുരേഷ് 190 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് 628, യുഡിഎഫ് 438, ബിജെപി 43 എന്നിങ്ങനെയാണ് വോട്ടിംഗ് നില. മുന്‍ വര്‍ഷത്തെക്കാള്‍ പോളിംഗില്‍ നേരിയ കുറവ് വന്നപ്പോള്‍ എല്‍ഡിഎഫിന് 63 ഉം ബിജെപിക്ക് 19 ഉം വോട്ടുകള്‍ കുറയുകയും യുഡിഎഫിന് മുന്‍തിരഞ്ഞെടുപ്പിനേക്കാള്‍ 23 വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. കാട്ടിക്കുളത്തും പടിഞ്ഞാറെത്തറയിലും വിജയികളെയുമായി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it