Flash News

ഇരുമുന്നണികളും ബിജെപിയെ സഹായിക്കാന്‍ ഒരുങ്ങുന്നു: അഡ്വ. കെ എം അശ്‌റഫ്

ഇരുമുന്നണികളും ബിജെപിയെ സഹായിക്കാന്‍  ഒരുങ്ങുന്നു: അഡ്വ. കെ എം അശ്‌റഫ്
X
km-ashraf-SDPI-

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതു വലത് മുന്നണികള്‍ ബിജെപിയെ സഹായിക്കാനുള്ള ഒരുക്കത്തിലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്. എസ്ഡിപിഐ മലപ്പുറം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടി നേരത്തെ ബിജെപിയുമായി ധാരണയായ കോണ്‍ഗ്രസ്സിനു പിന്നാലെ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിംലീഗും ബിജെപിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബിജെപിയുടെ സഹായത്തോടെ ഭരണം പിടിച്ചടക്കാമെന്ന മോഹത്താല്‍ സിപിഎമ്മും സംഘപരിവാര നേതാക്കളുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പി ല്‍ അനായാസേന ജയിച്ചുകയറി ജനങ്ങളെ വഞ്ചിക്കുന്ന മുന്നണികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇത്തവണ എസ്ഡിപിഐ മല്‍സര രംഗത്തുണ്ടാവും.
സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും മണ്ണിട്ടു നികത്തി ജലസ്രോതസ്സുകളെ ഇല്ലാതാക്കി ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചവരാണ് ഇരുമുന്നണികളും. ഇരുകൂട്ടരും പരസ്പരധാരണയിലാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കുന്നത്. റെക്കോഡ് മഴ ലഭിക്കുന്ന കേരളത്തില്‍ ജലം സംഭരിക്കാന്‍ സംവിധാനമൊരുക്കാതെ വേനലാരംഭത്തില്‍ തന്നെ വരള്‍ച്ചാ ദുരിതാശ്വത്തിനായി കേന്ദ്രത്തെ സമീപിക്കുന്നതു പതിവായി മാറിയിരിക്കുന്നു. ബിനാമി പേരില്‍ നൂറുക്കണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി ടൂറിസം മറയാക്കി വയല്‍ നികത്തുന്ന പദ്ധതികള്‍ക്ക് കണ്ണുംപൂട്ടി അനുമതി നല്‍കുന്ന ഇടതു —വലത് സര്‍ക്കാരുകള്‍ അനധികൃത ഭൂമി പിടിച്ചെടുക്കാനുള്ള ഇച്ഛാശക്തിയാണു കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പതാക ഉയര്‍ത്തിയതോടെ തുടങ്ങിയ നേതൃസമ്മേളനത്തില്‍ ജില്ലയിലെ ജനപ്രതിനിധികളെ ആദരിച്ചു.
സമ്പൂര്‍ണ വികസനം യാഥാ ര്‍ഥ്യമാവാന്‍ മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ബംഗളൂരു കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജാഹിദ് പാഷ, കോയമ്പത്തൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം മുഹമ്മദ് സലീം, കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാറുദ്ദീന്‍, എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, ജില്ലാ ഭാരവാഹികളായ പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, സി ജി ഉണ്ണി, എ കെ സൈതലവി ഹാജി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, ടി എം ഷൗക്കത്ത്, പി എം ബഷീര്‍, എഎം സുബൈര്‍, പോഷകസംഘടനാ ഭാരവാഹികളായ ലൈല ശംസുദ്ദീന്‍, പി പി സുനിയ്യ, പി അലവി, സാലിഹ് വളാഞ്ചേരി സംസാരിച്ചു. മലപ്പുറം ടൗണില്‍ നടന്ന പ്രകടനത്തിന് ജില്ല, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it