Azhchavattam

ഇരുപതാം ചലച്ചിത്രമേള മലയാളിക്ക് തന്നതെന്ത്?







അനൂപ് പട്ടാമ്പി
ടിയിറങ്ങുമ്പോള്‍ കേരളത്തിനും മലയാളത്തിനും അഭിമാനിക്കാന്‍ ഒരു പിടി നല്ല ഓര്‍മകള്‍ തന്നുകൊണ്ടാണ് ഇരുപതാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീണത്. രണ്ട് ദശാബ്ദക്കാലത്തെ ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ചിത്രം സുവര്‍ണചകോരം നേടിയെന്നതാണ് ഈ മേളയിലെ എടുത്തുപറയാവുന്ന വിശേഷം.
അന്താരാഷ്ട്രവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ മൊത്തത്തില്‍ വൈവിധ്യം കൊണ്ട് പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. നഗരകേന്ദ്രീകൃതമായ ചടുലവേഗങ്ങളില്‍ പാശ്ചാത്യസിനിമകള്‍ ചൂഴ്ന്നപ്പോള്‍ നിലനില്‍പ്പിനുവേണ്ടിയുള്ള ചെറുത്തുനില്‍പ്പിന്റെയും അരക്ഷിതാവസ്ഥയുടെയും കഥകളാണ് ഏഷ്യന്‍ സിനിമകളില്‍ കണ്ടത്. അതിജീവനം സ്വപ്‌നം കാണുന്ന ജനതയുടെ ആത്മസംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന സിനിമകളായിരുന്നു അവയില്‍ പലതും.
മല്‍സരവിഭാഗത്തില്‍ ഉള്‍പ്പെട്ട ഒറ്റാലും, ചായം പൂശിയ വീടും അഭിനന്ദനമര്‍ഹിക്കുന്ന സൃഷ്ടികള്‍ തന്നെ. റഷ്യന്‍ കഥാകാരന്‍ ചെകോവിന്റെ 'വാങ്ക' എന്ന കഥയാണ് ജയരാജ് ഒറ്റാലിനു പ്രമേയമാക്കിയത്. നിലനില്‍പ്പിന്റെയും ബാലവേലയുടെയും ദുരിതങ്ങളെ കുട്ടനാടിന്റെ ഗ്രാമഭംഗിയോട് ചേര്‍ത്തുവച്ചുകൊണ്ട് ജയരാജ് ഒറ്റാല്‍ ഒരു ചലച്ചിത്രാനുഭവമാക്കി മാറ്റി. മനുഷ്യരാശിക്ക് പ്രകൃതിയോടുള്ള ബന്ധത്തെ ആവിഷ്‌കരിക്കുന്ന ഈ സിനിമ മനുഷ്യാവകാശത്തെ സംസ്‌കാരത്തോടും ദേശത്തോടും ബന്ധപ്പെടുത്തുകയായിരുന്നുവെന്ന ജൂറിയുടെ വിലയിരുത്തല്‍ അസ്ഥാനത്തല്ല. ഒരു ഒറ്റപ്പെട്ട വീട് കേന്ദ്രീകരിച്ച് ഏകാന്തജീവിതം നയിക്കുന്ന എഴുത്തുകാരനും അയാളുടെ ലോകത്തേക്ക് വരുന്ന യുവതിയും യുവാവും. ഇവരെ ചുറ്റിപ്പറ്റിയാണ് ചായം പൂശിയ വീട് വികസിക്കുന്നത്. മലയാളി മനസ്സിലെ അപക്വമായ രതിചിന്തകളെ ചങ്കൂറ്റത്തോടെ വിളിച്ചുപറയുന്നു ഈ ചിത്രത്തിലൂടെ സതീഷ് ബാബു സേനനും സന്തോഷ് ബാബു സേനനും.
ഒറ്റപ്പെട്ട ജീവിതങ്ങള്‍
മലയാളം വിട്ട് ഇന്ത്യയിലേക്കും ഇന്ത്യ വിട്ട് പുറത്തേക്കും ചലച്ചിത്രം സഞ്ചരിക്കുമ്പോള്‍ മിക്കപ്പോഴും വിഷയമാവുന്നത് ഒറ്റപ്പെട്ട ജീവിതങ്ങളുടെ നിഗൂഢത തന്നെ. ഒരു കറുത്ത കോഴിയെ തിരഞ്ഞുപോവുന്ന രണ്ടു കുട്ടികളിലൂടെ 2001ല്‍ നീപ്പാളിലുണ്ടായിരുന്ന രാഷ്ട്രീയസംഘട്ടനങ്ങളെ വെള്ളിത്തിരയിലെത്തിച്ച മിന്‍ ഭാമിന്റെ 'കാലൊ പൊതി' എന്ന നീപ്പാളിചിത്രം ആ നാടിന്റെ രാഷ്ട്രീയമിടിപ്പുകളാണ് അനുഭവവേദ്യമാക്കുന്നത്. ചലച്ചിത്രം എന്ന വിസ്മയം ചുവടുവച്ചു തുടങ്ങുന്ന ബംഗ്ലാദേശില്‍ നിന്ന് വന്ന ജലാലെര്‍ ഗോള്‍പൊ(അബു ശഹീദ് ഇമുന്‍) അധോലോകത്തെ കഥ വികാരതീവ്രതയോടെ ആവിഷ്‌കരിക്കുന്നു. അപ്രതീക്ഷിതമായി ലഭിക്കുന്ന കുഞ്ഞിനെ പുഴയില്‍ ഒഴുക്കിക്കളയേണ്ടി വരുന്ന ജലാലെര്‍ ഗോള്‍പൊ ഒറ്റപ്പെടലിന്റെ വേദനയും നിരാശയും പങ്കുവയ്ക്കുന്നു.
സദാചാരത്തെയും യുദ്ധ ഭീകരതയെയും പിന്‍പറ്റി കഥ പറയുന്ന ഫിലിപ്പീന്‍സ് ചിത്രം ഷാഡോ ബിഹൈന്റ് ദ മൂണിലൂടെ മികച്ച സംവിധായകനുള്ള രജതചകോരം റോബിന്‍സ് ലാന സ്വന്തമാക്കി. ആഭ്യന്തരകലഹത്താല്‍ വീര്‍പ്പുമുട്ടുന്ന ഇറാനില്‍ നിന്നുള്ള ഇമ്മോര്‍ട്ടല്‍ ആ രാജ്യത്തെ സാമൂഹിക ജീവിതത്തിലെ ദൈന്യതകളെ വിഷയമാക്കുന്നു. യോന, ക്ലാറീസ് ഓര്‍ സംതിങ് എബൗട്ട് അസ്, വയലിന്‍ പ്ലയര്‍ എന്നിവയെല്ലാം ഏകാന്തത അനുഭവിക്കുന്ന മനുഷ്യമനസ്സിന്റെ വികാരവിചാരങ്ങളെ ആവിഷ്‌കരിക്കുന്നു. ഇരുപതാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ മല്‍സരവിഭാഗം കാണികളോടും വിഷയത്തോടും നീതിപുലര്‍ത്തിയെന്നു പറഞ്ഞാല്‍ തെറ്റല്ല.
പാശ്ചാത്യ ചിത്രങ്ങളുടെ നിറക്കാഴ്ച സമ്മാനിച്ച ലോക സിനിമാവിഭാഗം മികച്ച ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു. വ്യത്യസ്തമായ പ്രമേയങ്ങളും ആഖ്യാനരീതികളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളെ ഒന്നിനൊന്ന് വ്യത്യസ്തമാക്കി. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയ ഫ്രാന്‍സ്, ജര്‍മന്‍ ടര്‍ക്കിഷ് ചിത്രമായ മസ്താങ് (ഡെന്നിസ് ഗാംസ് ഇര്‍ഗുവന്‍) ആണ് മറ്റൊരു ശ്രദ്ധേയമായ രചന. അഞ്ചു സഹോദരിമാരുടെ കഥ പറയുന്ന ഈ ചിത്രം മനുഷ്യബന്ധങ്ങളെ സദാചാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പശ്ചാതലത്തില്‍ പരിശോധിക്കുന്നു. പോളണ്ടില്‍നിന്നുള്ള ബോഡി ഒരു പിതാവിനും പുത്രിക്കുമിടയിലുള്ള ഹൃദയബന്ധമാണ് ആവിഷ്‌കരിക്കുന്നത്. ഓരോ മനുഷ്യനും മറ്റുള്ളവരെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നാണ് ഈ സിനിമ പറഞ്ഞുവയ്ക്കുന്നത്. ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം മല്‍ഗോര്‍സദ സുമോവ്‌സ്‌കയുടെ ഈ ചിത്രം ആദരിക്കപ്പെട്ടിട്ടുണ്ട്.
ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ പശ്ചാതലത്തില്‍ ഇറാഖിന്റെ ഗ്രാമീണഭംഗിയും സാമൂഹികാചാരങ്ങളും അതി വിദഗ്ധമായി സമ്മേളിപ്പിച്ചു ദ ഫെയ്‌സ് ഓഫ് ദ ആഷ്. മതപരമായ അസഹിഷ്ണുതയുടെ ആഖ്യാനമാണ് ഈ ചിത്രം. രണ്ടു മതവിഭാഗങ്ങള്‍ തങ്ങളുടേതെന്ന് വാദിക്കുന്ന ഒരു ശവശരീരം അവസാനം ക്രിസ്തീയ മുസ്‌ലിം ആചാരപ്രകാരം ഒരു കുഴിയില്‍ അടക്കം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ സിനിമയിലൂടെ സംവിധായകന്‍ ഷെയ്ക്‌വാന്‍ ഇദ്‌രീസ് പറയാന്‍ ശ്രമിക്കുന്നത് മത സൗഹാര്‍ദ്ദത്തിന്റെ പാഠങ്ങളാണ്. ജപ്പാനിലെ ഒരു സാധാരണ സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് മസാഹാറു ടാന്‍ഗെയുടെ 100 യെന്‍ ലൗവ്. ഒരിക്കലെങ്കിലും വിജയിക്കണമെന്ന മോഹവുമായി ബോക്‌സിങ് റിങില്‍ കഠിനപ്രയത്‌നം നടത്തുന്നുവെങ്കിലും ഒടുവില്‍ പരാജയപ്പെടുന്ന ഇഞ്ചിക്കോയയുടെ കഥയാണിത്.
പൂര്‍ണമായും സ്ത്രീപക്ഷത്തുനിന്നുകൊണ്ട് സ്ത്രീകള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒരുപിടി ചലച്ചിത്രങ്ങള്‍ മേളയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഫഌപ്പിങ് ഇന്‍ ദി മിഡില്‍ ഓഫ് നോവെയര്‍, മൈ മദര്‍, ദ സെക്കന്റ് മദര്‍, കില്‍ മി പ്ലീസ് എന്നിവ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെയും അവരുടെ ചെറുത്തുനില്‍പിനെയും പ്രമേയമാക്കുന്നു.
വ്യത്യസ്തത നിറഞ്ഞ ഒരു പിടി നല്ല ചലച്ചിത്രങ്ങളുമായി ഇരുപതാമത് എഡിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പതിവില്‍ നിന്നു വിപരീതമായി വിവാദങ്ങള്‍ ഈ മേളയില്‍നിന്ന് ഒഴിഞ്ഞുനിന്നുവെന്നത് ശ്രദ്ധേയം.

Next Story

RELATED STORIES

Share it