palakkad local

ഇരുട്ടിവെളുത്തപ്പോള്‍ മരത്തിന്റെ തല കാണാനില്ല ; ആസുത്രിതമെന്ന് നാട്ടുകാര്‍



ആനക്കര: ഇരുട്ടിവെളുത്തപ്പോള്‍ മരത്തിന്റെ തല കാണാനില്ല. ആനക്കര സെന്ററില്‍ ബുധനാഴ്ച രാത്രിവരെ തലയുയര്‍ത്തി നിന്ന ബദാം മരത്തിന്റെ കൊമ്പുകളും തലഭാഗവുമാണ് മുഴുവന്‍ വെട്ടിമാറ്റിയിരിക്കുന്നത്. മരം ഇപ്പോള്‍ വൈദ്യുതി തൂണുപോലെ ഒറ്റനില്‍പ്പാണ്. രാത്രി 11.45ഓടെ മരത്തിന്റെ കൊമ്പു വീണ് സര്‍വീസ് വയര്‍ പൊട്ടി എന്നുപറഞ്ഞ് കുമ്പിടിയിലെ കെഎസ്ഇബി ഓഫിസിലേക്ക് ഫോണ്‍ വന്നിരുന്നു. ഇതെ തുടര്‍ന്ന് കെഎസ്ഇബി ഓഫിസില്‍ നിന്നെത്തിയവരുടെ സാന്നിധ്യത്തിലാണ് തണല്‍ വിരിച്ചിരുന്ന മരത്തിന്റെ തല ഭാഗം അടക്കം വെട്ടിമാറ്റിയത്. എന്നാല്‍ മരത്തിന്റെ കൊമ്പുകളൊന്നും പൊട്ടിയതായികാണുന്നില്ല. സര്‍വീസ് വയര്‍ മരക്കൊമ്പില്‍ കുരുങ്ങി കിടന്നതിനാലാണ് മുകള്‍ ഭാഗം മുഴുവന്‍ വെട്ടാന്‍ കാരണമെന്നാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഇബിയിലെ ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ രാത്രിയില്‍ ഇത്ര തിരക്കിട്ട് മരം മുഴുവനായി മുറിച്ചു മാറ്റിയതെന്തിനായിരുന്നുവെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. മരം മുറിയില്‍ ദുരൂഹതയും ആസുത്രണവും ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്.     ഇതിന് പുറമെ ലോറി ഇടിച്ചാണ് അപകടമുണ്ടായതെന്ന് വരുത്തിതീര്‍ക്കാന്‍ മരത്തിന് താഴെയുള്ള പൊന്നെത്താന്‍ നിരകുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ശിലാഫലകവും തകര്‍ക്കുകയും മരത്തിന് ചുറ്റുമുള്ള കല്ലുകള്‍ ഇളക്കി മാറ്റുകയും ചെയ്ത നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധുരവീന്ദ്രകുമാര്‍ പോലിസില്‍ പരാതി നല്‍ക. തുടര്‍ന്ന് തൃത്താല പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇതിനിടെ, രാത്രിയില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. മരം മുറിച്ച സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ  കണ്ടെത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന്‍ അടക്കമുള്ളവര്‍ക്ക് നാട്ടുകാര്‍ ഒപ്പിട്ട് പരാതി നല്‍കിയിട്ടുണ്ട്. ആനക്കരയില്‍ ഇതിന് മുമ്പും ഇത്തരത്തില്‍ രാത്രിയുടെ മറവില്‍ മരം മുറിച്ചു മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it