thrissur local

ഇരുചക്രവാഹന യാത്രികരുടെ ജീവന്‍ തുലാസില്‍

കുന്നംകുളം: സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍, ഇരുചക്രവാഹന യാത്രികരുടെ ജീവന്‍ തുലാസില്‍. തൃശൂര്‍-കുന്നംകുളം പാതയില്‍ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെയുള്ള മേഖലയിലാണ് സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം ഇരുചക്രവാഹന യാത്രികരുടെ ജീവന് ഭീഷണിയാകുന്നത്.
സ്വകാര്യ ബസ്സുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുമുള്‍പ്പെടെ നൂറിലേറെ ബസ്സുകള്‍ ഈ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒരു മിനിറ്റ്, ഒന്നര മിനിറ്റ്, രണ്ട് മിനിറ്റ് വ്യത്യാസത്തിലാണ് ബസ്സുകളുടെ സമയക്രമം മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ചിട്ടുള്ളത്. പലപ്പോഴും ഗതാഗതകുരുക്കുകളില്‍പ്പെട്ട് സമയനഷ്ടമുണ്ടാവുന്നതാണ് മരണപ്പാച്ചിലിന് കാരണമെന്നാണ് ബസ് ഉടമകളും ജീവനക്കാരും പറയുന്നത്.
എന്നാല്‍ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചലില്‍ പലപ്പോഴും ബലിയാടുകളാവുന്നത് ബൈക്ക് യാത്രികരാണ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ചൂണ്ടല്‍ വില്ലേജ് ഓഫിസിനടുത്ത് നടന്ന അപകടമാണ് ഈ പരമ്പരയിലെ അവസാനത്തേത്. മലപ്പുറം എരമംഗലം സ്വദേശി കോണക്കാട്ട് ദാസന്റെ മകന്‍ രാഹുല്‍ദാസിന് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു. ബസ്സുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുമ്പോള്‍ പോലിസ്, ആര്‍ടിഒ അധികൃതര്‍ നിസംഗത തുടരുകയാണ്.
30 കിലോമീറ്റര്‍ വേഗതയാണ് ഈ മേഖലയിലെ വേഗപരിധി. എന്നാല്‍ പലപ്പോഴും 80 കിലോമീറ്ററിന് മുകളിലാണ് ബസ്സുകള്‍ പാച്ചില്‍. ചൂണ്ടല്‍ സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയാക്കുന്ന സമീപനവും ബസ്സ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ട്.
ചുവപ്പ് ലൈറ്റ് കത്തി കിടക്കുമ്പോഴും സുരക്ഷ മാനദണ്ഡം പാലിക്കാതെ ബസ്സുകള്‍ മുന്നോട്ട് എടുക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പും പോലിസും സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിലെങ്കില്‍ ഇനിയും മനുഷ്യ രക്തംകൊണ്ട് ഈ പാത ചുവക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Next Story

RELATED STORIES

Share it