kasaragod local

ഇരുചക്രവാഹനം ഓടിച്ചതിന് രണ്ട് മാസത്തിനിടെ പിടിയിലായത് 34 കുട്ടികള്‍



കാസര്‍കോട്: ഇരുചക്രവാഹനമോടിച്ചതിന് രണ്ട് മാസത്തിനുള്ളില്‍ കാസര്‍കോട്ട് പിടിയിലായത് 34 കുട്ടികള്‍. കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നാണ് കുട്ടികളെ പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ 20 കുട്ടികളെയും മേയില്‍ 14 കുട്ടികളെയുമാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. വാഹന ഉടമകള്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ രക്ഷിതാക്കളുടെ പേരിലുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിച്ച കുട്ടികളുമുണ്ട്. കാസര്‍കോട് പോലിസ് സ്‌റ്റേഷന് പുറമേ വിദ്യാനഗര്‍, ആദൂര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക എന്നീ സ്‌റ്റേഷനുകളിലും ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനമോടിച്ച കുട്ടികളെ പിടികൂടിയാല്‍ വാഹന ഉടമകളെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. പതിനായിരം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. പിഴ കോടതിയില്‍ അടയ്ക്കണം. ഇത്തരം കേസില്‍ പെട്ടവര്‍ വീണ്ടും കുട്ടികള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കി പിടികൂടിയാല്‍ ലൈസന്‍സ് വരെ റദ്ദ് ചെയ്യും. കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതെന്ന് എസ്‌ഐ അജിത്കുമാര്‍ പറഞ്ഞു. പരിശോധന കര്‍ശനമാക്കിയതോടെ ഇപ്പോള്‍ ഇതിന് കുറവ് വന്നിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എന്നാലും പോലിസിന്റെ കണ്ണ് വെട്ടിച്ച് ഓടിക്കുന്നുണ്ട്. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കളെ വിളിച്ച് വരുത്തി ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ഇതിന് പുറമേ കുട്ടികളില്‍ മോഷണവാസനയും കൂടുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഒരാഴ്ച മുമ്പ് മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് പരിധിയില്‍ നിന്ന് ഒരു സ്‌കൂട്ടര്‍ കളവ് ചെയ്തതിന് അറസ്റ്റിലായത് 11, 13ഉം പ്രായമുള്ള കുട്ടികളാണ്. കുട്ടി ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ച് അപകടം വരുത്തുന്നത് പതിവായതിനെ തുടര്‍ന്ന് കാസര്‍കോട് സബ് ഡിവിഷനില്‍ പോലിസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it