kannur local

ഇരിട്ടി സബ് ഡിവിഷന്‍ മേഖലയില്‍ കമാന്‍ഡോകളും

ഇരിട്ടി: ഇരിട്ടി പോലിസ് സബ് ഡിവിഷനു കീഴില്‍ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 1500 ഓളം സേനാംഗങ്ങളെ വിനിയോഗിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളില്‍ എകെ 47 തോക്കുകളുമായി തീവ്രവാദ വിരുദ്ധ സേനയിലെ 60തോളം കമാന്‍ഡോകളെ വിന്യസിക്കും. തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ തടയുകയോ, അക്രമം ഉണ്ടാക്കുകയോ ചെയ്താല്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ച് മറ്റൊരു ദിവസം കനത്ത സുരക്ഷയോടെ തിരഞ്ഞെടുപ്പ് നടത്താനാണു പോലിസ് പ്രിസൈഡിങ് ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന്ഡിവൈഎസ്പി പി സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌ന ബാധിത മേഖലകളില്‍ പോലിസുമായി ജനങ്ങള്‍ സഹകരിക്കണം. ഇരിട്ടി സബ് ഡിവിഷന് കീഴില്‍ നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.
ലോക്കല്‍ പോലിസിന് പുറമെ എംഎസ്പി, കെഎപി, കര്‍ണാക പോലിസുമാണ് സംഘത്തില്‍ ഉണ്ടാവുക. എല്ലാ മേഖലയിലും പോലിസ് പിക്കറ്റിങും മൊബൈല്‍ പട്രോളിങും ഏര്‍പ്പെടുത്തും. എന്നാല്‍ അക്രമമുണ്ടാക്കിയാല്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ കേരള പോലിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
പോളിങ് ബൂത്തിലോ വോട്ടര്‍മാര്‍ വരുന്ന വഴികളിലോ അക്രമം ഉണ്ടാവുകയാണെങ്കില്‍ സ്ഥലത്തുള്ള പോലിസ് ഉദ്യോഗസ്ഥരോട് തന്നെ പരാതി പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ശുപാര്‍ശ ചെയ്യും. ഇവിടെ മറ്റൊരു ദിവസമായിരിക്കും കനത്ത സുരക്ഷയില്‍ തിരഞ്ഞെടുപ്പ് നടത്തുക. പ്രശ്‌നബാധിത-അതീവ പ്രശ്‌നബാധിത മേഖലകളില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തിന് സമീപത്തെ വീടുകളില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് ആളുകളെ പ്രവേശിപ്പാല്‍ ഗൃഹനാഥനെതിരേ നടപടിയെടുക്കും. പോളിങ് സ്‌റ്റേഷന് 50 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ ഒന്നും തുറക്കാനും ഇവിടെ ആളുകളെ കൂടി നില്‍ക്കാനും അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ലിപ്പ് ബൂത്ത് 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ അനുവദിക്കില്ല. ഒരേസമയം ഒരു സ്ഥാനാര്‍ഥിയുടെ ഒരു ബൂത്ത് ഏജന്റിന് മാത്രമേ പോളിങ് സ്‌റ്റേഷനകത്ത് ഇരിക്കാന്‍ അനുവാദമുള്ളൂ. ബൂത്തിലിരിക്കാത്ത ബൂത്ത് ഏജന്റുമാരെ പോളിങ് സ്‌റ്റേഷന്റെ 200 മീറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവും ഉണ്ടാവും.
കൂടാതെ പൊതുജനങ്ങള്‍ക്ക് അക്രമങ്ങളുടെയും, അക്രമികളുടെയും നീക്കങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്തി ഡിവൈഎസ്പിമാരുടെയോ സിഐമാരുടെയോ വാട്‌സ് ആപ്പിലേക്ക് അയക്കാം. ഇത് തെളിവായി പോലിസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. പ്രശ്‌നബാധിത മേഖലകളില്‍ വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കാന്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാവും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതൊരു വോട്ടര്‍ക്കും പോലിസ് ഉന്നതരുമായി ഏതുസമയവും ബന്ധപ്പെട്ട് അക്രമം സംബന്ധിച്ചും പ്രതികളെ സംബന്ധിച്ചും വിവരങ്ങള്‍ കൈമാറാം. വാഹന പരിശോധന മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്. പിടികിട്ടാ പുള്ളികളെ കണ്ടെത്താനും മുന്‍കരുതല്‍ അറസ്റ്റിനും റെയ്ഡ് തുടരുകയാണ്.
അക്രമം നടത്തുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരാണെങ്കിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. എല്ലാ സ്‌റ്റേഷനുകളിലേക്കും ആവശ്യത്തിന് തോക്കും വെടിയുണ്ടകളും ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും ജില്ലാ പോലിസ് ആസ്ഥാനത്തുനിന്ന് നല്‍കിയിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ജില്ലയിലേക്ക് മറ്റ് ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി ആവശ്യത്തിന് സേനാംഗങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഇവിടെ നിന്ന് ആളുകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലയിലെത്തി പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. പോളിങ് ബൂത്തിലോ പരിസരത്തോ അക്രമം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ കോടതിയില്‍ ഹാജരാക്കാനും പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി നല്‍കിയ അത്യാധുനിക ഗ്രനേഡുകള്‍ വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎസ്പി സുകുമാരന്‍ പ്രദര്‍ശിപ്പിച്ചു.
Next Story

RELATED STORIES

Share it