kannur local

ഇരിട്ടി-പേരാവൂര്‍ റോഡിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി

ഇരിട്ടി: ഇരിട്ടി-പേരാവൂര്‍ റോഡില്‍ എടത്തൊട്ടി കല്ലേരിമലയില്‍ മരം വീണ്  യുവതി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ മേഖലയിലെ അപകടാവസ്ഥയിലുള്ള മരം മുറിക്കാന്‍ നടപടി തുടങ്ങി. ഇരിട്ടി- —പേരാവൂര്‍-നിടുംപൊയില്‍ റോഡില്‍ മാത്രം ഇത്തരത്തില്‍ നിരവധി മരങ്ങളാണുഅപകടാവസ്ഥയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരംവീണ് ആര്യപറമ്പ് സ്വദേശി സിതാര മരിച്ചത്.
സഹയാത്രികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളും ഇരിട്ടി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപെട്ടിട്ടും അപകടാവസ്ഥയിലായ മരം മുറിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഴക്കുന്ന് എസ്‌ഐ പി വിജേഷ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നാവശ്യപെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ പോലിസ് ആവശ്യപ്പെട്ട ഉടന്‍ തന്നെ സോഷ്യല്‍ ഫോറസ്്ട്രിക്ക് കത്ത് നല്‍കിയിരുന്നതായും അവര്‍ മരംമുറിക്ക് അനുമതി നല്‍കുന്നില്ലന്നും പൊതുമരാമത്ത്  മറുപടിയും നല്‍കി.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ പൊതുമരാമത്ത് വകുപ്പ് മരംമുറി ആരംഭിച്ചത്. മുഴക്കുന്ന് എസ്‌ഐ പി വിജേഷിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തിയിരുന്നു.
മലയോരത്തെ റോഡരികില്‍ അപകടഭീഷണിയിലായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് നിരവധി തവണ ജനപ്രതിനിധികള്‍ ബന്ധപ്പെട്ടവരെ ഉണര്‍ത്തിയിരുന്നു. പൊതുജനങ്ങള്‍ പരാതികള്‍ നല്‍കിയിട്ടുപോലും മരങ്ങള്‍ മുറിച്ചുനീക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിരുന്നില്ല. കല്ലേരിമലയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ച മരം അപകടാവസ്ഥയിലുള്ളതായിരുന്നു.
മഴക്കാലം ആരംഭിക്കുമ്പോള്‍ മലയോരത്തെ നിരത്തുകളില്‍ മരവും മണ്‍തിട്ടയും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കൂള്‍ ബസ്സിനു മുകളില്‍ മരംവീണ് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാതയോരങ്ങളിലെ അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആ സമയത്ത് മുറിച്ചുനീക്കാനുള്ള മരങ്ങള്‍ക്ക് നമ്പറിടുകയും ചില മരങ്ങള്‍ മുറിക്കുകയും ചെയ്തിതിരുന്നു. പിന്നീട് ഇതുവരെ അധികൃതര്‍ ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങളോ മറ്റോ മുറിക്കാനുള്ള നടപടികള്‍ എടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it