kannur local

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് മൂന്നു മാസത്തിനകം

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് യൂനിറ്റ് മൂന്നു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമാക്കും. നടത്തിപ്പിനായി സണ്ണി ജോസഫ് എംഎല്‍എ രക്ഷാധികാരിയും തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ ചീഫ് കോ-ഓഡിനേറ്ററും നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ ചെയാര്‍മാനുമായി
കനിവ് കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി രൂപീകരിച്ചു. 28 അംഗം ഭരണ സമിതിയെയും നിശ്ചയിച്ചു. സൊസൈറ്റിയാണ് ഡയാലിസിസ് യൂനിറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഒരുവര്‍ഷം മുമ്പാണ് താലൂക്ക് ആശുപത്രിക്ക് 1.33 കോടി രൂപ ചെലവില്‍ 10 യൂനിറ്റ് ഡയാലിസിസ് സെന്റര്‍ സര്‍ക്കാര്‍ അനുവദിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ കാലതാമസവും ഫണ്ടിന്റെ അപര്യാപ്തതയും കാരണം പ്രവര്‍ത്തിപ്പിക്കാനായില്ല. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കണമായിരുന്നു. ഇതിനാണ് എല്ലാ മേഖലയിലും ഉള്‍പ്പെട്ട 80ഓളം പേരടങ്ങിയ ജനറല്‍ബോഡി യോഗം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
യൂനിറ്റിന്റെ നടത്തിപ്പിന് പ്രതിമാസം ചുരുങ്ങിയത് മൂന്നുലക്ഷം രൂപ കണ്ടെത്തണം. ഇരിട്ടി നഗരസഭ, ആറളം, അയ്യന്‍കുന്ന്, പായം, മുഴക്കുന്ന്, ഉളിക്കല്‍, പാടിയൂര്‍ പഞ്ചായത്തുകളാണ് ഡയാലിസിസ് യൂനിറ്റിന്റെ പരിധിയില്‍ വരിക.
രാവിലെ മുതല്‍ വൈകീട്ട് ഏഴുവരെ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 10 ജീവനക്കാരെയെങ്കിലും നിയമിക്കണം. ഇവരുടെ സേവന-വേതന വ്യവസ്ഥകള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തകര്‍, പഞ്ചായത്തുകളിലെ പദ്ധതിവിഹിതം എന്നിവ പ്രയോജനപ്പെടുത്തി മേഖലയിലെ മുഴുവന്‍ വൃക്കരോഗികള്‍ക്കും ഡയാലിസിസ് നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.
സൊസൈറ്റി രൂപീകരണ യോഗം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി പി  അശോകന്‍ അധ്യക്ഷനായി. തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മോഹനന്‍, ആശുപത്രി സൂപ്രണ്ട് പി പി രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ റുബീന റഫീഖ് , ഡോ. ആന്റോ വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it