kannur local

ഇരിട്ടി താലൂക്ക് ആശുപത്രി നവീകരണം: ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ആരോപണം

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി നവീകരണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ആക്ഷേപം. ആശുപത്രി കെട്ടിടങ്ങള്‍ പെയിന്റടിക്കല്‍, മുറ്റവും പാര്‍ക്കിങ് ഏരിയയും ടൈല്‍സ് പാകല്‍, പുതിയ കമാനം നിര്‍മിക്കല്‍, ചില ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ മറവിലാണ് സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുള്ളത്. നവീകരണ പ്രവൃത്തിക്കായി ബ്ലോക്ക് പഞ്ചായത്ത് 33 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആശുപത്രിയുടെ മുറ്റവും പാര്‍ക്കിങ് ഏരിയയും ടൈല്‍സ് പതിക്കുന്നതിലാണ് വന്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. മുറ്റത്തും പാര്‍ക്കിങ് ഏരിയയിലും ഇന്റര്‍ലോക്ക് കട്ടകളോ അതുപോലെ ഉറപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിക്കേണ്ടതിനു പകരം സാധാരണ വീടിന്റെ അകത്തങ്ങളിലും ലാട്രണുകളിലും മറ്റും ഉപയോഗിക്കുന്ന തീരെ കനം കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ടൈലുകളാണ് ഉപയോഗിക്കുന്നതെന്നാണ് ആരോപണം. ശക്തമായ മഴക്കാലങ്ങളില്‍ വഴുക്കല്‍ ഉണ്ടാക്കുന്ന ഇത്തരം ടൈലുകള്‍ നിത്യവും നൂറുകണക്കിന് ജനങ്ങളെത്തുന്ന സ്ഥലത്ത് വന്‍ അപകടത്തിനടയാക്കുമെന്നാണു പ്രധാന പരാതി. കൂടാതെ നിത്യവും വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ പാര്‍ക്കിങ് ഏരിയയിലെ ടൈലുകള്‍ പൊട്ടി നുറുങ്ങാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, 1.30 കോടി രൂപ ചെലവില്‍ ആശുപത്രിക്കായി നിര്‍മിച്ച പ്രസവ വാര്‍ഡ് ആറുമാസത്തിലേറെയായി തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. ഇതിനാവശ്യമായ വെള്ളവും വെളിച്ചവും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ ആശുപത്രിയുടെ മുറ്റം മിനുക്കലിനും കമാനം നിര്‍മിക്കാനും ഇത്ര വലിയതുക ചെലവാക്കുന്നതാണ് നാട്ടുകാ ര്‍ ചോദ്യം ചെയ്യുന്നത്.
ആശുപത്രിയുടെ പുതിയ പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം ഈയടുത്തൊന്നും നടക്കാനിടയില്ല. മുമ്പ് ഇവിടെ നടത്തിയ പല പദ്ധതികളും എന്ന പോലെ പുതിയ കെട്ടിടവും ഇനി കാടുകയറി നശിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it